മണ്‍ട്രോതുരുത്ത് പനയം നിവാസികളുടെ കാലങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്ന പെരുമണ്‍ പാലം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാലത്തിന്റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനോപകാരപ്രദമായ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും പെരുമണ്‍ പാലം അത്തരത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ അഷ്ടമുടിക്കായലില്‍ കടത്തിന്റെ സഹായത്തോടെയാണ് ഇരുകരകളിലേക്കുമുള്ള ജനങ്ങളുടെ യാത്ര. പാലം യാഥാര്‍ഥ്യമാകുന്നതോടെ കൊല്ലത്തു നിന്നും മണ്‍ട്രോതുരുത്ത് വരെയുള്ള ദൂരം 10 കിലോമീറ്ററോളം കുറയും. കല്ലടയാറിന് കുറുകെയുള്ള കണ്ണങ്കാട് പാലം കൂടി പൂര്‍ത്തിയാകുന്നതോടെ ജില്ലാ ആസ്ഥാനത്തുനിന്ന് വടക്കന്‍ ജില്ലകളിലേക്കുള്ള യാത്രയും കൂടുതല്‍ സുഗമമാവും – മുഖ്യമന്ത്രി പറഞ്ഞു.
പെരുമണ്‍ പാലത്തിനായി കിഫ്ബിയില്‍ നിന്ന് 42 കോടി രൂപയാണ് അനുവദിച്ചത്. 396 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ ഇരുകരകളിലുമായി നിര്‍മിക്കുന്ന 900 മീറ്റര്‍ അപ്രോച്ച് റോഡിനുമായി ഭൂമി ഏറ്റെടുക്കാനുള്ള പാക്കേജിനും കിഫ്ബിയുടെ അനുമതിയുണ്ട്. ‘എക്സ്ട്രാ ഡോസ്ഡ് പ്രീ സ്ട്രെസ്ഡ് ടൈപ്പ് സൂപ്പര്‍ സ്ട്രക്ച്ചര്‍’ ആയി രൂപകല്പന ചെയ്ത പാലത്തിന് 30 മീറ്ററിന്റെ എട്ടു സ്പാനുകളും 42 മീറ്ററിന്റെ രണ്ടു സ്പാനുകളും 70 മീറ്ററിന്റെ ഒരു സ്പാനുമാണ് ഉള്ളത്. പെരുമണ്‍, മണ്‍ട്രോതുരുത്ത്, അഷ്ടമുടി കായല്‍ എന്നിവിടങ്ങളിലെ ഭൂമിശാസ്ത്രപരമായ സൗന്ദര്യത്തിന് ഉതകുന്ന രീതിയിലുള്ള പുതിയ ഡിസൈനും ആധുനിക സാങ്കേതികവിദ്യയുമാണ് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം പാലത്തിനായി ആവിഷ്കരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് ചടങ്ങില്‍ അധ്യക്ഷനായി. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ,എൻ കെ പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, എം മുകേഷ് തുടങ്ങിയവർ പങ്കെടുത്തു.
