സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ജില്ലയില്‍ വിപുല പരിപാടികളോടെ ആഘോഷിക്കും. ഇതോടനുബന്ധിച്ചുള്ള പ്രാഥമിക ആലോചനാ യോഗം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്നു. എല്ലാ വകുപ്പുകളും പോയ വര്‍ഷം കൈവരിച്ച സുപ്രധാന നേട്ടങ്ങള്‍ ജനസമക്ഷമെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രിസഭാ വാര്‍ഷിക ആഘോഷത്തിന്റെ  ഭാഗമാക്കണം. പുതിയവയുടെ പ്രഖ്യാപനവും നടത്തണം. വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തന രൂപരേഖ ഈ മാസം 10 ന് ചേരുന്ന യോഗത്തില്‍ സമര്‍പ്പിക്കണം. ഇവയുടെ അടിസ്ഥാനത്തില്‍ ആഘോഷ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. ഇതിനായി എം.എല്‍.എ മാരുടെയും മറ്റ്  ജനപ്രതിനിധികളുടെയും യോഗം  16 ന് ചേരും.
ആശ്രാമം മൈതാനാത്ത് ഒരാഴ്ച നീളുന്ന പ്രദര്‍ശനമാണ് മുഖ്യ ആകര്‍ഷണമാവുക. നൂറോളം സ്റ്റാളുകളില്‍ പകുതിയും കുടംബശ്രീക്ക് വിട്ടു നല്‍കും. ബാക്കിയുള്ളവ വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയാകും.
ഇതോടനുബന്ധിച്ച് എല്ലാ ദിവസവും കലാ-സാംസ്‌കാരിക പരിപാടികള്‍ നടക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനായി സെമിനാറുകളും സംഘടിപ്പിക്കും. ഹരിതകേരളം, പൊതുവിദ്യാഭ്യാസ യജ്ഞം, ആര്‍ദ്രം, ലൈഫ് എന്നീ മിഷനുകളില്‍ കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമാകും. പരിസര ശുചിത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദര്‍ശനത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കൊല്ലത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാനച്ചടങ്ങ് ആഘോഷത്തിന്റെ ഭാഗമായി കൊല്ലത്ത് നടത്തുമെന്നും മന്ത്രി അറിയിച്ചു.
ആഘോഷ പരിപാടികള്‍ക്കുള്ള വകുപ്പ്തല പദ്ധതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് പ്രദര്‍ശനത്തെക്കുറിച്ച് വിശദീകരിച്ചു.