ആലപ്പുഴ മുനിസിപ്പാലിറ്റിയെയും നാലു പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പഴയ നടക്കാവ് റോഡ് ഗതാഗതത്തിന് തുറന്നു നൽകി

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിന്റെ വികസനത്തിന്റെ നാഴികകല്ലായ കൈതവന താനാകുളം മുതൽ പഴയനടക്കാവ് – അമ്പലപ്പുഴ വടക്കേനട വരെയുള്ള റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്തു രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. അമ്പലപ്പുഴ മണ്ഡലത്തിൽ വലിയ തോതിലുള്ള വികസനമാണ് നടന്നു വരുന്നത്. ഈ സർക്കാരിന്റെ കാലയളവിൽ സ്കൂൾ, പാലം, റോഡ്, കൃഷി ,മത്സ്യമേഖലയിൽ വൻ വികസനങ്ങളാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു .ജില്ലയിലെ പഞ്ചായത്ത് മുനിസിപ്പാലിറ്റി റോഡുകൾ പി ഡബ്ലിയുഡി റോഡുകൾ ഭൂരിഭാഗവും പുനർനിർമ്മാണം നടന്നുവരികയും പൂർത്തീകരിച്ചവയുമാണ്. ലോകത്തിലെ ഏതൊരു സംസ്ഥാനത്തെ റോഡുകളായും താരതമ്യപെടുത്താൻ സാധിക്കുന്ന രീതിയിലുള്ള റോഡ് നിർമാണമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈതവന താനാകുളം മുതൽ പഴയനടക്കാവ് – അമ്പലപ്പുഴ വടക്കേനട വരെയുള്ള 11.78 കി.മീറ്റർ റോഡ് കിഫ്ബി മുഖേന 19.54 കോടി രൂപ ചെലവഴിച്ച് ഏറ്റവും നൂതനവും ആധുനികവുമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമിച്ചത്.
അമ്പലപ്പുഴ കിഴക്കൻ പ്രദേശത്ത് വസിക്കുന്നവർക്കും നെൽകൃഷി ക്കാർക്കും ഏറ്റവും ഉപകാരപ്രദമാണ് ഈ റോഡ്. ആധുനിക നിലവാരത്തിലേയ്ക്ക് ഉയർത്തിയത് കൂടാതെ കോൺക്രീറ്റ് കലുങ്കുകൾ, കാനകൾ, കാൽനട യാത്രക്കാർക്കുവേണ്ടി ഇൻ്റർലോക്ക് ടൈലുകൾ പാകിയ നടപ്പാതകൾ വീതികുറഞ്ഞ ഭാഗങ്ങളിൽ വീതികൂട്ടി റോഡ് സുരക്ഷാമാർഗ്ഗങ്ങൾ എന്നിവയും ഉൾപ്പെടുത്തിയാണ് പുനർനിർമിച്ചത്.
അമ്പലപ്പുഴയുടെ ഭൂപ്രകൃതിയും പരിസ്ഥിതിക്കും ഇണങ്ങുന്ന ആധുനിക സാങ്കേതിക വിദ്യകളായ സ്വാഭാവിക റബ്ബർ, ഷ്രഡഡ് പ്ലാസ്റ്റിക് എന്നിവ റോഡ് ഉപരിതല പുനർനിർമാണത്തിന് ഉപയോഗിച്ചു. കയർ ഭൂവസ്​ത്രവും ഉപയോഗിച്ചിട്ടുണ്ട്.

കളർകോട് വെച്ച് നടന്ന ചടങ്ങിൽ എ എം ആരിഫ് എം പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുഗോപാൽ, മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം ജുനൈദ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുവർണ്ണ പ്രതാപൻ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുധർമ്മ ഭുവനചന്ദ്രൻ, കെആർഎഫ്ബി ചീഫ് എഞ്ചിനീയർ ഡാർലിൻ കർമലിറ്റ ഡിക്രൂസ്, പൊതുമരാമത്തു വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി വിനു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മോളമ്മ തോമസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
കൈതവന പഴയനടക്കാവ് റോഡിന്റെ വടക്കേനടയിൽ വെച്ച് മന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങിൽ എ എം ആരിഫ് എം പി അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തു പ്രസിഡന്റ്‌ ജി വേണുലാൽ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം എ അഫ്സത്ത്, പൊതുമരാമത്തു വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി വിനു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മോളമ്മ തോമസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.