കൊല്ലം :ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡ പാലനം, ഭക്ഷ്യ സുരക്ഷ, ഏകീകൃത വിലവിവരം, ശുചിത്വം എന്നിവ സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കാന്‍ വിവിധ വകുപ്പുകളുടെ സംയുക്ത സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, റവന്യു, ലീഗല്‍ മെട്രോളജി, ഭക്ഷ്യ വകുപ്പുകളുടെ സംയുക്ത സ്ക്വാഡുകളാണ് തീര്‍ത്ഥാടന കാലത്ത് പരിശോധനകള്‍ നടത്തുക.
തീര്‍ത്ഥാടകരുടെ എണ്ണം മുന്‍വര്‍ഷങ്ങളിലെന്ന പോലെ ഉയരാനിടയില്ലെങ്കിലും രോഗവ്യാപനം തടയുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥതലത്തില്‍ കാര്യക്ഷമമാക്കണമെന്നും കോവിഡ് മാനദണ്ഡവും ശുചിത്വവും ഉള്‍പ്പെടുത്തിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബഹുഭാഷകളില്‍ പ്രധാന ഇടങ്ങളിലെല്ലാം അടിയന്തരമായി സ്ഥാപിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ഇടത്താവളങ്ങളുള്ള പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പൊലീസിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും അനുമതി ആവശ്യമാണ്. ലീഗല്‍ മെട്രോളജി, ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ മേല്‍നോട്ടത്തിലുള്ള സ്ക്വാഡ് ഭക്ഷ്യ നിലവാരവും വിലവിവരവും ഉറപ്പ് വരുത്തും.
പമ്പയിലേക്കുള്ള കെ എസ് ആര് ടി സി ബസുകളില്‍ സാമൂഹിക അകലം ഉറപ്പ് വരുത്തിയാകും സര്‍വീസ് നടത്തുക. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൊട്ടാരക്കര, പുനലൂര്‍, അച്ചന്‍കോവില്‍, ആര്യങ്കാവ് മേഖലകളില്‍ സജ്ജമാണെന്ന് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ആര് സന്ധ്യ അറിയിച്ചു.
തീര്‍ത്ഥാടനത്തിനിടയ്ക്ക് കോവിഡ് പോസിറ്റീവ് ആകുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇടവിട്ടുള്ള മൈക്ക് അനൗണ്‍സ്മെന്റ്, ബഹുഭാഷകളിലുള്ള മുന്നറിയിപ്പുകള്‍, ശൗചാലയങ്ങളിലും പൊതുഇടങ്ങളിലും ക്ലോറിനേഷന് എന്നിവയ്ക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആര്യങ്കാവ്, അച്ചന്‍കോവില്‍ അടക്കമുള്ള വനമേഖലയില്‍ മാലിന്യ നിക്ഷേപങ്ങളും വ്യാജമദ്യ വ്യാപനവും തടയുന്നതിന് റെയ്ഡുകളും പരിശോധനകളും ശക്തമാക്കും. ദേശീയപാതയിലെ അറ്റകുറ്റപണികള്‍, ബഹുഭാഷകളില്‍ യാത്രാസൂചക ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവയും പുരോഗമിക്കുന്നുണ്ട്.