കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ ഉറപ്പാക്കാന്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
കോവിഡ് സമ്പര്‍ക്ക വ്യാപനം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പണം, പ്രചാരണം, യോഗങ്ങള്‍ തുടങ്ങി വോട്ടെണ്ണല്‍ വരെയുള്ള ഘട്ടങ്ങളില്‍ പ്രത്യേക ജാഗ്രത അനിവാര്യമാണ്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥിയോ നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്നു പേരില്‍ കൂടാന്‍ പാടില്ല. പത്രികാ സമര്‍പ്പണ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം.
പത്രിക സമര്‍പ്പിക്കുമ്പോള്‍ സാമൂഹിക അകലം ഉറപ്പാക്കുകയും മാസ്കും സാനിറ്റൈസറും ശരിയായ രീതിയില്‍ ഉപയോഗിക്കുകയും വേണം. ആവശ്യമെങ്കില്‍ പത്രിക നല്‍കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് മുന്‍കൂട്ടി സമയം അനുവദിക്കാം.
ഒരേ സമയം ഒന്നിലധികം സ്ഥാനാര്‍ഥികള്‍ പത്രിക നല്കാന് എത്തിയാല്‍ കാത്തിരിക്കേണ്ടിവരുന്നവര്ക്കായി സാമൂഹിക അകലം ഉറപ്പാക്കി പ്രത്യേക ഇരിപ്പിട സൗകര്യം ഉണ്ടായിരിക്കണം.
പത്രിക സ്വീകരിക്കുമ്പോള്‍ വരണാധികാരി അല്ലെങ്കില്‍ ഉപവരണാധികാരി നിര്‍ബന്ധമായും മാസ്ക്, കയ്യുറ, ഫേസ് ഷീല്‍ഡ് എന്നിവ ധരിക്കണം.
ഓരോ സ്ഥാനാര്‍ഥിയുടെയും പത്രിക സ്വീകരിച്ചശേഷം ഉദ്യോഗസ്ഥര്‍ കൈകള്‍ സാനിറ്റൈസ് ചെയ്യണം.
സെക്യൂരിറ്റി തുക ട്രഷറിയിലോ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിലോ അടച്ചതിന്റെ ചെലാനോ രസീതോ ഹാജരാക്കാം.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുമ്പോള്‍ ഒരു സ്ഥാനാര്‍ഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളൂ. സ്ഥാനാര്‍ഥിക്കൊപ്പം ജാഥയോ ആള്‍ക്കൂട്ടമോ വാഹനവ്യൂഹമോ പാടില്ല.
കണ്ടെയ്ന്മെന്റ് സോണുകളില്നിന്നുള്ളവരും ക്വാറന്റയനില്‍ കഴിയുന്നവരും മുന്‍കൂട്ടി അറിയിച്ചിട്ടാണ് പത്രിക സമര്‍പ്പിക്കാന്‍ വരേണ്ടത്. വരാണാധികാരികള്‍ അവര്‍ക്ക് പ്രത്യേക സമയം അനുവദിക്കുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.
സ്ഥാനാര്‍ഥി കോവിഡ് ബാധിതനോ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റയിനിലോ ആണെങ്കില്‍ നാമനിര്‍ദേശപത്രിക നിര്ദേശകന് മുഖേന സമര്‍പ്പിക്കാം.
പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവനസന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ഥി ഉള്‍പ്പെടെ പരമാവധി അഞ്ചു പേര് മാത്രമേ പാടുള്ളൂ. ഭവന സന്ദര്‍ശനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കണം. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങള്‍ മാത്രമേ പാടുള്ളൂ.
ജാഥ, കൊട്ടിക്കലാശം, ആള്‍ക്കൂട്ടം എന്നിവ ഒഴിവാക്കണം. പൊതുയോഗങ്ങളും കുടുംബയോഗങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമേ നടത്താവൂ. പൊതുയോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.
പ്രചാരണത്തിന് നോട്ടീസ്, ലഘുലേഖ എന്നിവയുടെ ഉപയോഗം കുറച്ച് സമൂഹ മാധ്യമങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം.
സ്ഥാനാര്‍ഥികളുടെ പ്രചാരണത്തില്‍ വോട്ടര്‍മാര്‍ മാസ്കും സാനിറ്റൈസറും കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കണം. സ്ഥാനാര്‍ഥികള്‍ക്ക് പൂമാല, നോട്ടുമാല, ബൊക്കെ, ഷാള്‍ തുടങ്ങിയവ നല്‍കിയുള്ള സ്വീകരണം പാടില്ല.
ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് കോവിഡ് ബാധിക്കുകയോ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റയിനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ഉടന്‍തന്നെ പ്രചാരണ രംഗത്തുനിന്ന് മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. പരിശോധനാ ഫലം നെഗറ്റീവായശേഷം ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ മാത്രമേ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ-കളക്ടര്‍ വിദശമാക്കി.
ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.