തൃശ്ശൂർ: കോവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും- നൽകുന്ന പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം വരണാധികാരികൾ നിർണയിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണർ വി ഭാസ്കരൻ അറിയിച്ചു. അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന ദിവസത്തെ കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരെയും എണ്ണത്തെ അടിസ്ഥാനമാക്കിയാവണം കണക്കെടുക്കേണ്ടത്.

കണക്കെടുക്കുമ്പോൾ സർട്ടിഫൈഡ് ലിസ്റ്റിലുള്ളവരുടെ എണ്ണം കൂടിവരാൻ സാധ്യതയുള്ളതിനാൽ ബാലറ്റുകളുടെ എണ്ണം കണക്കാക്കാൻ പ്രദേശത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം വരണാധികാരികൾ തേടണം. മുൻകരുതലിനായി കണക്കാക്കുന്ന പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെ കണക്ക് വരണാധികാരികൾ കൃത്യമായി നിർണ്ണയിക്കേണ്ടതാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണർ അറിയിച്ചു.