എരുമേലിയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് ശാസ്ത്രീയമായ പഠനവും ബൃഹദ് പദ്ധതിയും ഉണ്ടാകണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരുടെയും വാഹനങ്ങളുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ, അംഗങ്ങള്‍ എം.എല്‍.എമാരായ കെ.ബാബു, കെ.വി. വിജയദാസ്, എം.വിന്‍സെന്റ് എന്നിവയുടെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പില്‍ നിരീക്ഷിച്ചു. ഇതിലൂടെ പരിസ്ഥിതിയിക്കും ജീവജാലങ്ങള്‍ക്കും സംഭവിക്കുന്ന ദോഷങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തി തയ്യാറാക്കുന്ന പദ്ധതിയില്‍ വിവിധ വകുപ്പുകളുടെ ഏകോപനവും പൊതു സമൂഹത്തിന്റെ ഇടപെടലും ഉറപ്പുവരുത്തി നടപ്പാക്കണമെന്ന് തെളിവെടുപ്പ് യോഗത്തില്‍ അധ്യക്ഷത വഹിച്ച സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ പറഞ്ഞു. കക്കൂസ് മാലിന്യ സംസ്‌ക്കരണത്തിനും ജലത്തിന്റെ ശുദ്ധിയും ലഭ്യതയും ഉറപ്പു വരുത്തുന്നതിനും തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം, ചികിത്സ, പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് സമിതി തെളിവെടുത്തു. എരുമേലി വലിയതോടും ചെറിയതോടും തീര്‍ത്ഥാടനകാലത്തിനു മുമ്പും ശേഷവും വൃത്തിയാക്കുന്നുണ്ടെന്നും പ്ലാസ്റ്റിക് മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ വര്‍ഷം 38 ലക്ഷം രൂപ ചെലവില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിനും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ 12 ലക്ഷം രൂപ ചെലവില്‍ ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിനും ഹരിതകര്‍മ്മ സേനയുടെ സേവനം ശക്തിപ്പെടുത്തുന്നതിനും പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുളളതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സമിതിയെ അറിയിച്ചു. തീര്‍ത്ഥാടനകാലത്ത് എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്ക് ശേഖരിക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. വലിയ തോടിന്റെ സംരക്ഷണത്തിന് 3.2 കോടി രൂപയുടെ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഖരമാലിന്യം ശുദ്ധീകരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡും ദേവസ്വം ബോര്‍ഡും സിവേജ് പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുളളതായും സമിതിയെ അറിയിച്ചു. വസ്ത്രം ഒഴുക്കല്‍, രാസ സിന്ദൂരത്തിന്റെ ഉപയോഗം, ബൈക്കില്‍ സഞ്ചരിച്ചുള്ള തീര്‍ത്ഥാടനം, പ്ലാസ്റ്റിക്കിന്റെ വിപണനവും ഉപയോഗവും മറ്റും തടയുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കണമെന്നും നിര്‍ദ്ദേശിച്ചു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഓരോ മേഖലയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആ മേഖലയുമായി ബന്ധപ്പെട്ട വകുപ്പ് പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാവുന്നതാണ്. ഈ നിര്‍ദ്ദേശങ്ങളുടെയും സംസ്ഥാനതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പു നടത്തി ശേഖരിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. എരുമേലി ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പില്‍ എഡിഎം കെ.ആര്‍.രാജന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം എന്‍.വാസു, വിവിധ വകുപ്പു മേധാവികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായി.