തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷക ടിങ്കു ബിസ്വാള്‍. അനര്‍ഹരായവരെ നീക്കം ചെയ്തും അര്‍ഹരായവരെയും പുതിയ വോട്ടര്‍മാരെയും ഉള്‍പ്പെടുത്തിയും തയാറാക്കുന്ന വോട്ടര്‍പട്ടിക സ്വതന്ത്രമായ തിരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനശിലയാണ്. ഓണ്‍ലൈനില്‍ നടക്കുന്ന പുതുക്കല്‍ പ്രക്രിയ സംബന്ധിച്ച് സമൂഹത്തില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തണം. ഇതിനായി രാഷ്ട്രീയ  പാര്‍ട്ടി പ്രതിനിധികള്‍ മുന്നിട്ടിറങ്ങണം. അര്‍ഹരായ ഒരാള്‍ പോലും പട്ടികയില്‍ നിന്നും പുറത്തു പോകുന്നില്ലെന്ന് കൂട്ടായ പരിശ്രമത്തിലൂടെ ഉറപ്പാക്കണമെന്നും ടിങ്കു ബിസ്വാള്‍ അഭ്യര്‍ത്ഥിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വോട്ടര്‍ പട്ടിക പുതുക്കല്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസാരിക്കുകയായിരുന്നു ടിങ്കു ബിസ്വാള്‍.

വോട്ടര്‍ പട്ടിക പുതുക്കുന്നത് സംബന്ധിച്ചുള്ള ആക്ഷേപങ്ങളും പരാതികളും യോഗം വിലയിരുത്തി. പുതിയ വോട്ടര്‍മാരെ പരമാവധി ഉള്‍പ്പെടുത്തി പട്ടിക സമഗ്രമാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് പറഞ്ഞു. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ച ആക്ഷേപങ്ങളും ആശങ്കകളും കൃത്യമായി വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.

പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള തിയതി നീട്ടണമെന്ന രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ ആവശ്യം ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്യുമെന്ന് ടിങ്കു ബിസ്വാള്‍ പറഞ്ഞു.   രണ്ട് മണ്ഡലങ്ങളില്‍ പട്ടികയില്‍ പേരുകളുള്ളവര്‍ ഏതു മണ്ഡലത്തിലാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതെന്ന് ഉറപ്പാക്കണം.  ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല‍്കും. മരണമടഞ്ഞവര്‍, പ്രായംകൊണ്ട് 18 വയസ് തികയാത്തവര്‍ എന്നിങ്ങനെ അര്‍ഹതിയില്ലാത്ത ആരും  വോട്ടേഴസ് ലിസ്റ്റില്‍ ഉണ്ടാകരുത്. അതേസമയം അര്‍ഹതയുള്ളവര്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യവുമുണ്ടാകരുത്.

നേരത്തെ പട്ടികയില്‍ പേരുണ്ടായിരുന്നിട്ടും പിന്നീട് നീക്കം ചെയ്യപ്പെട്ടെന്ന പരാതികള്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീടുകളിലേക്ക് മാറിയിട്ടുള്ളവര്‍, വീടും സ്ഥലവും വില്‍പ്പന നടത്തി താമസം മാറിയവര്‍, പുതുതായി എത്തിയ  താമസക്കാര്‍ തുടങ്ങിയവരുടെ പേരുകള്‍ എന്നിവര്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ വോട്ടര്‍മാരാകുന്നത് ഒഴിവാക്കണം.

തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടര്‍ യു. ഷീജാ ബീഗം, ജൂനിയര്‍ സൂപ്രണ്ട് ആര്‍. അശോക് കുമാര്‍,  രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ  കെവി ദാസന്‍, പി. ബാലചന്ദ്രന്‍, സെബാസ്റ്റ്യന്‍ ചൂണ്ടന്‍, രവികുമാര്‍ ഉപ്പത്ത്,എംജി നാരായണന്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.