പാലക്കാട്: ഗവ.മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍, കറാറുകാര്‍ എന്നിവര്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് കര്‍ശന നിര്‍ദ്ദേശം നല്കി. മെഡിക്കല്‍ കോളേജിലെ ഒ.പി ബ്ലോക്ക് ഉദ്ഘാടനം 2021 ജനുവരി 20നും ക്ലിനിക്കല്‍ ഒ.പിയുടെ ഉദ്ഘാടനം മാര്‍ച്ച് 31നും നടത്താനാണ് തീരുമാനം. കെട്ടിടങ്ങളുടെ നിര്‍മാണം വേഗത്തിലാക്കുന്നതിനും ആവശ്യമെങ്കില്‍ കൂടുതല്‍ തൊഴിലാളികളെ ഉപയോഗിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്കി. മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന അവയോകന യോഗത്തിലാണ് തീരുമാനം.

പീഡിയാട്രിക്, ഗൈനക്കോളജി, സര്‍ജറി, ജനറല്‍ മെഡിസിന് വിഭാഗങ്ങളിലെ ഒ.പിയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. ആകെ 12 വിഭാഗങ്ങളിലായാണ് ഒ.പി യുള്ളത്. കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഒ.പി കളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. അവലോകന യോഗത്തിനു ശേഷം കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച് മന്ത്രി നിര്‍മാണ പുരോഗതി വിലയിരുത്തി. കെട്ടിടങ്ങളുടെ കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക സംബന്ധിച്ച് എസ്.സി, എസ്.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി, പി.ഡബ്ല്യു.ഡി സെക്രട്ടറി എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തില്‍ എസ്.സി, എസ്.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍, പി.ഡബ്ല്യു.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി ആനന്ദ് സിങ്, എസ്.സി, എസ്.ടി ഡയറക്ടര്‍ ശ്രീവിദ്യ, പാലക്കാട് ഗവ.മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ.എം.എസ് പത്മനാഭന്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഇഗ്നേഷ്യസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.