തൃശ്ശൂർ: ഇരട്ടക്കുഴൽ തുരങ്കങ്ങളുടെ പടിഞ്ഞാറേ തുരങ്കമുഖത്തിന് സമീപമായി വലതുഭാഗത്തുള്ള പാറക്കെട്ടുകൾക്ക് മുകളിലുള്ള മണ്ണ് നീക്കുന്ന പണികൾ ആരംഭിച്ചു. റോഡിൽ നിന്ന് 60 അടിയോളം ഉയരത്തിലുള്ള പാറക്കെട്ടിന് മുകളിലെ മണ്ണ് ഇടിഞ്ഞുവീഴാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇത് നീക്കുന്ന പണികൾ തുടങ്ങിയത്. ഒരു മാസം മുമ്പ് വനം വകുപ്പിന്റെ അനുമതിയോടെ ഈ പ്രദേശത്തെ മരങ്ങൾ മുറിച്ച് നീക്കിയിരുന്നു. തുരങ്കത്തിലൂടെയുള്ള ഗതാഗതത്തിന് ഭീഷണിയാണ് ചെങ്കുത്തായ പാറക്കെട്ടും അതിന് മുകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും അടർന്നുവീണേക്കാവുന്ന മണ്ണും. പാറക്കെട്ടുകൾ അടർന്നു താഴേക്ക് പതിക്കാതിരിക്കുന്നതിന് അവയിൽ ഉരുക്കുവലകൾ സ്ഥാപിച്ചിരുന്നു. അപകടത്തിന് ഇടയാക്കിയേക്കാവുന്ന പാറക്കെട്ടുകളും മണ്ണും നീക്കം ചെയ്യണമെന്ന് ജില്ല ഭരണകൂടവും പ്രദേശത്ത് സന്ദർശനം നടത്തിയ മന്ത്രിമാരും മറ്റ് ബന്ധപ്പെട്ട ഉദ്യാഗസ്ഥരും കരാർ കമ്പനിയോടും ദേശീയപാതാ അതോറിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. പല തട്ടുകളായി തിരിച്ച് ഇവ നീക്കം ചെയ്യാമെന്നാണ് കരാർ കമ്പനിയും എൻ.എച്ച്.എ.ഐയും ഉറപ്പു നൽകിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട പണികളാണ് ഇപ്പോൾ നടക്കുന്നത്.