എറണാകുളം: മാസങ്ങൾ നീണ്ട അടച്ചുപൂട്ടലിനൊടുവിൽ പുതുവർഷ ദിനത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ഒരുങ്ങി എളങ്കുന്നപ്പുഴ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കോവിഡ് മഹാമാരി സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം അധ്യയനം ആരംഭിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് സ്കൂൾ അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും പ്ലസ് ടു വിദ്യാർത്ഥികൾക്കുമാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് വെള്ളിയാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കുന്നത്. പകുതി കുട്ടികളെവീതം പങ്കെടുപ്പിച്ച് ദിവസം രണ്ട് ബാച്ചുകളിലായി ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്. പ്രത്യേക ടൈം ടേബിൾ പ്രകാരം രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്ലാസ് . കുടിവെള്ളം കൊണ്ടുവരാമെങ്കിലും മറ്റുള്ളവരുമായി പങ്കുവെക്കരുത്. ഭക്ഷണം കൊണ്ടുവരാൻ അനുവാദമില്ല. വിദ്യാർത്ഥികൾ ക്ലാസ് കഴിഞ്ഞതിനു ശേഷം മറ്റു സ്ഥലങ്ങളിൽ പോകാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ മാതാപിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് ഹെഡ്മിസ്ട്രസ് സീന എൻ കെ പറഞ്ഞു .
ഡിസംബർ പകുതിയോടെ തന്നെ അധ്യയനം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഫെയ്സ് ഷീൽഡും മാസ്കും ധരിച്ചാണ് അധ്യാപകർ ക്ലാസുകൾ എടുക്കുന്നത്. പരീക്ഷകൾക്കായുള്ള റിവിഷനും വിദ്യാർത്ഥികൾക്ക് സംശയമുള്ള പാഠഭാഗങ്ങൾ വിശകലനം ചെയ്യുന്നതിനുമാണ് മുൻഗണന. ശാരീരിക അകലം പാലിക്കുന്നതിനായി ഒരു വിദ്യാർത്ഥിക്ക് ഒരു ഡെസ്ക്ക് വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ് മുറികൾ അണുവിമുക്തമാക്കി. അസ്വസ്ഥത അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിശ്രമിക്കുന്നതിനായി പ്രത്യേക മുറികളും സജ്ജമാക്കിയിട്ടുണ്ട്. സ്കൂൾ പ്രേവേശന കവാടത്തിൽ വെച്ച് തന്നെ കൈകൾ അണുവിമുക്തമാക്കുന്നതിനു പ്രേത്യക സംവിധാനവും ഒരുക്കിയിട്ടുണ്ട് . ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമാണ് വിദ്യാർത്ഥികളെ വിദ്യാലയത്തിൽ പ്രവേശിപ്പിക്കുക. കുട്ടികളിലെ മാനസിക പിരിമുറുക്കവും ആകുലതകളും ഒഴിവാക്കുന്നതിനായി സ്കൂളുകളിൽ കൗൺസിലർമാർ പ്രത്യേക ക്ലാസുകൾ നൽകും . കൈകൾ അണുവിമുക്തമാക്കുന്നതിനായി ക്ലാസ് മുറികളിലും സാനിറ്റൈസർ ക്രമീകരിച്ചിട്ടുണ്ട് .
വൈപ്പിൻ വിദ്യാഭ്യാസ ഉപജില്ലയിൽ ക്ലാസുകൾ ആരംഭിക്കുന്നതിനു മുൻപായി പ്രത്യേക കോവിഡ് ബോധവൽക്കരണ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകുമെന്നും അഗ്നിശമന സേനയുടെയും അങ്കണവാടികളുടെയും സഹാത്തോടെയാണ് ക്ലാസ് മുറികൾ അണുവിമുക്തമാക്കിയതെന്നും വൈപ്പിൻ എഇഒ ബിന്ദു ഗോപി പറഞ്ഞു