കോട്ടയം: ജില്ലാ കളക്ടര്‍ എം. അഞ്ജന നടത്തിയ മീനച്ചില്‍ താലൂക്ക് തല അദാലത്തിൽ 16 പരാതികൾ പരിഹരിച്ചു. വസ്തുവിൻ്റെ പോക്കുവരവ്, മൂല്യനിർണ്ണയം, വഴിത്തർക്കം, കുടിവെള്ള വിതരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട 28 പരാതികളാണ് ഓണ്‍ലൈന്‍ അദാലത്തിൽ ലഭിച്ചത്.

ശേഷിക്കുന്നവ ജനുവരി എട്ടിനകം തീർപ്പാക്കി വിവരം പരാതിക്കാരെ അറിയിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കളക്ടർ നിർദേശം നൽകി.

വീടും സ്ഥലവും ലഭ്യമാക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ലഭിക്കുന്ന ചികിത്സാ ധനസഹായം, പ്രളയ ദുരിതാശ്വാസ സഹായം, റേഷന്‍ കാര്‍ഡ്, നിലം-തോട്ടം- പുരയിടം ഇനം മാറ്റം എന്നീ മേഖലകളുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള വിഷയങ്ങളാണ് പരിഗണിച്ചത്.

മുന്‍കൂട്ടി അനുവദിച്ച സമയങ്ങളില്‍ താലൂക്കിലെ അക്ഷയ കേന്ദ്രങ്ങളില്‍നിന്ന് പരാതിക്കാര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

എ.ഡി.എം അനിൽ ഉമ്മൻ, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്നിഹിതരായി.