കോട്ടയം:കോവിഡ് പ്രതിരോധം ഉറപ്പാക്കും

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്കൂളുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ ഇന്ന്  ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചു. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ക്ലാസുകളില്‍ എത്തുക.

ഈ ക്ലാസുകളിലെ പൊതു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ നടത്തുന്നതിന് സർക്കാർ തീരുമാനിച്ചിരുന്നു. പ്രാക്ടിക്കൽ പരീക്ഷകൾ, സംശയ ദൂരീകരണം, ഡിജിറ്റൽ ക്ലാസുകളുടെ റിവിഷന്‍, മാതൃകാ പരീക്ഷകൾ തുടങ്ങിയവയാണ് ആദ്യ ദിവസങ്ങളില്‍ നടക്കുക.

വിദ്യാഭ്യാസ വകുപ്പില്‍നിന്നുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ജില്ലയിലെ സ്കൂളുകളില്‍ പൂര്‍ത്തിയായിട്ടുണ്ട്. ക്ലാസ് മുറികൾ,സ്കൂൾ പരിസരം, ഫർണീച്ചറുകൾ, വാട്ടർ ടാങ്ക്, അടുക്കള, ശുചിമുറികൾ, ലാബ്, ലൈബ്രറി തുടങ്ങി എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കി.

ആകെ വിദ്യാര്‍ഥികളുടെ 50 ശതമാനം പേരെ മാത്രമാണ് അനുവദിക്കുക. കോവിഡ് ബാധിതരും ക്വാറന്‍റയിനില്‍ കഴിയുന്നവരുമായ വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും എത്തേണ്ടതില്ല.

സ്കൂളിലെത്തുന്നവർ രക്ഷകർത്താക്കളുടെ സമ്മതപത്രം ഹാജരാക്കണം.
ആദ്യത്തെ ആഴ്ചയിൽ ഒരു ബെഞ്ചിൽ ഒരാളെ മാത്രമാണ് ഇരുത്തുക.

മാസ്ക്, സോപ്പ്, സാനിറ്റൈസര്‍ എന്നിവയുടെ ശരിയായ ഉപയോഗം, സാമൂഹിക അകലം എന്നിവ ഉറപ്പാക്കാന്‍ എല്ലാ സ്കൂള്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. ഷൈലയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ പ്രസാദും അറിയിച്ചു.

പനി പരിശോധനയ്ക്കുശേഷമായിക്കും വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്ലാസില്‍ പ്രവേശിപ്പിക്കുക. സ്കൂളില്‍ എത്തിയ ശേഷം രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ താത്കാലികമായി ഇരുത്തുന്നതിന് പ്രത്യേക മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നതല്ല. കുടിവെള്ളം എടുക്കുകയും കൈകള്‍ കഴുകുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് മാര്‍ക്ക് ചെയ്തിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്‍റെയും പോലീസിന്‍റെയും അഗ്നിരക്ഷാ സേനയുടെയും സേവനവും സ്കൂളുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ സ്കൂളിലും കോവിഡ് സെൽ രൂപീകരിച്ച് ആഴ്ചതോറും സാഹചര്യം വിലയിരുത്തണമെന്നാണ് നിർദേശം.

സ്കൂൾ തലത്തിൽ നടത്തിയിട്ടുള്ള ക്രമീകരണങ്ങൾ ഡി.ഇ ഒ മാർ നേരിട്ടെത്തി വിലയിരുത്തിയിരുന്നു.