തൃശ്ശൂർ:  കടൽ സൗന്ദര്യം ആസ്വദിക്കാൻ  സ്നേഹതീരത്തെത്തുന്നവർക്ക് ഇനി വ്യായാമവും ചെയ്യാനാകും. ശുദ്ധവായുവും ശ്വസിച്ച്‌ പുഷ്‌ അപ്‌ ബഞ്ചിലും ഹിപ്പ്‌ ഷേപ്പറിലുമൊക്കെ വ്യായാമം ചെയ്യാൻ സ്നേഹതീരം ഓപ്പൺ ജിംനേഷ്യം പൂർണ സജ്ജമായി.

സാധാരണ ജിമ്മുകളില്‍ നിന്ന് വ്യത്യസ്തമാണ് ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഓപ്പണ്‍ ജിം. ഏതു പ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ജിമ്മില്‍ സജ്ജീകരിക്കുന്നത്.കടലിൻ്റെ സൗന്ദര്യം ആസ്വാദിക്കാൻ എത്തുന്നവർക്കും വിശ്രമിക്കാനെത്തുന്നവർക്കും സൗജന്യമായി ഇവിടെ വ്യായാമം ചെയ്യാനാകും. നാല്‌ ചക്രങ്ങളുള്ള ഷോൾഡർ ബിൽഡർ, എയർ വാക്കർ, ഹാൻഡ്‌ പുള്ളർ, ഹിപ് ഷേപ്പർ, ഹോഴ്‌സ്‌ റൈഡർ, ജംഗിൾ ജിം തുടങ്ങിയ ഉപകരണങ്ങളാണ്‌ ഓപ്പൺ ജിമ്മിൽ ഉള്ളത്.

2020 ഒക്ടോബറിലാണ് ഓപ്പൺ ജിംനേഷ്യം തുറന്ന് കൊടുത്തത്. രാവിലെ 5 മണി മുതൽ 10 വരെയും വൈകീട്ട് 4 മുതൽ 7വരെയുമാണ് ജിമ്മിൻ്റെ പ്രവർത്തന സമയം.ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിച്ച 2.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓപ്പണ്‍ ജിം നിര്‍മിച്ചിരിക്കുന്നത്. ‘ജീവിതശൈലീരോഗ നിയന്ത്രണത്തിനും വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരോഗ്യവകുപ്പ്, ജില്ലാ പഞ്ചായത്ത്, തളിക്കുളം ഗ്രാമപഞ്ചായത്ത് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഓപ്പണ്‍ ജിം യഥാര്‍ത്ഥ്യമായത്.ഗീതാ ഗോപി എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ച് പാര്‍ക്ക് നവീകരിച്ച് കുട്ടികളുടെ കളി ഉപകരണങ്ങൾ നവീകരിച്ചു നൽകി.

ബലൂൺ സഫാരി പാർക്കും ഇവിടെ സന്ദർശകർക്കായി കാത്തിരിക്കുകയാണ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 10 വയസ്സിന് മുകളിലുള്ളവർക്കും 60 വയസ്സിന് താഴെയുള്ളവർക്കുമായിരിക്കും നിലവിൽ പാർക്കിലെ പ്രവേശനം.