വിനോദസഞ്ചാരികളുടെ പറുദീസയായ വാഗമണ്ണിൽ സഞ്ചാരികൾക്കായി പുതിയ പദ്ധതികൾ ഒരുങ്ങുന്നു. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടതാവളമായ വാഗമണ്ണിലേയ്ക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതികൾക്ക് തുടക്കമിടുന്നത്. മൊട്ടക്കുന്ന് നവീകരണം, വഴിയോര വിശ്രമകേന്ദ്രം, ഹെറിറ്റേജ് ബിൽഡിംഗ് എന്നിവയാണ് ഡിറ്റിപിസിയുടെ മേൽനോട്ടത്തിൽ മെയ് ആദ്യവാരത്തോടെ നിർമാണം തുടങ്ങുന്ന പദ്ധതികൾ. പുതിയ വിനോദസഞ്ചാര സീസണിൽ കൂടുതൽ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികളുടെ നിർമാണം വേഗത്തിലാക്കാനാണ് ഡിറ്റിപിസിയുടെ തീരുമാനം.
ജില്ലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നാണ് വാഗമൺ. ഊഷ്മളമായ കാലാവസ്ഥ തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. ഡിറ്റിപിസിയുടെ കണക്കനുസരിച്ച് കഴിഞ്ഞവർഷം അഞ്ച് ലക്ഷത്തോളം സഞ്ചാരികളാണ് വാഗമണ്ണിലെ പച്ചപ്പ് നിറഞ്ഞ മലനിരകൾ സന്ദർശിച്ചത്. ഈ വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഡിറ്റിപിസിയുടെ നേതൃത്വത്തിൽ വാഗമണ്ണിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റും സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു. സൈക്ലിംഗ്, ട്രക്കിംഗ്, റോക്ക് ക്ലൈമ്പിംഗ് എന്നിവയ്ക്കുള്ള സൗകര്യം കൂടി വാഗമണ്ണിൽ സജ്ജമായതോടെ ഇവിടേയ്ക്ക് അഡ്വഞ്ചർ ടൂറിസത്തിന്റെ സാദ്ധ്യതകൾ തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവുൺണ്ടായി. വാഗമണ്ണിൽ പുതിയ സജ്ജീകരണങ്ങൾ സഞ്ചാരികൾക്കായി ഒരുങ്ങുന്നതോടെ ജില്ലയിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾ വാഗമണ്ണിന്റെ പച്ചപ്പും ഹരിതാഭയും നുകരാൻ വലിയ തോതിൽ എത്തും എന്നാണ് പ്രതീക്ഷ. ഇത് വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് കുതിപ്പേകുമെന്നാണ് ഡിറ്റിപിസിയുടെ പ്രതീക്ഷ.
മൊട്ടക്കുന്ന് നവീകരണം
മൊട്ടക്കുന്നിന്റെ നവീകരണത്തിനായി ഡിറ്റിപിസി സമർപ്പിച്ച 99 ലക്ഷം രൂപയുടെ ഗ്രീൻ കാർപ്പെറ്റ് സ്‌കീമിന് ടൂറിസംവകുപ്പ് പച്ചകൊടി വീശിയതോടെയാണ് മൊട്ടക്കുന്ന് നവീകരണം സാധ്യമാകുന്നത്. മനോഹരമായ പ്രവേശനകവാടവും, വിശാലമായ പാർക്കിംഗ് സൗകര്യവും, ഇരിപ്പിടങ്ങൾ, ലൈറ്റിംങ്, ടോയ്‌ലറ്റ് ബ്ലോക്ക് തുടങ്ങിയവ ഉൾപ്പെട്ടതാണ് നവീകരണ പദ്ധതി. മൊട്ടക്കുന്നിൽ പാർക്കിംഗ് സൗകര്യം സഫലമാകുന്നതോടെ പൊതുവഴിയിലെ അനാവശ്യ പാർക്കിംഗ് ഒഴിവാക്കാനാകും. അതേസമയം ലൈറ്റിംഗിലൂടെ മൊട്ടക്കുന്ന് കൂടുതൽ പ്രകാശപൂരിതമാകുമ്പോൾ സന്ദർശനസമയം കൂടി വർദ്ധിപ്പിക്കാനാണ് ഡിറ്റിപിസിയുടെ തീരുമാനം. വിനോദസഞ്ചാരികൾക്ക് കൂടുതൽ സമയം മൊട്ടക്കുന്നിൽ ചെലവഴിക്കാൻ അവസരം നൽകുന്നതിലൂടെ സന്ദർശകരുടെ വരവ് വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ. വാപ്‌കോസ് ലിമിറ്റഡ് എന്ന നിർമാണ ഏജൻസിയാണ് മൊട്ടക്കുന്ന് നവീകരണം ഏറ്റെടുത്തിരിക്കുന്നത്.
വഴിയോര വിശ്രമകേന്ദ്രം
ഡിറ്റിപിസിയുടെ അടുത്ത പദ്ധതിയാണ് വാഗമൺ ഏലപ്പാറ റൂട്ടിലെ വഴിയോര വിശ്രമകേന്ദ്രം. മൂന്നാർ, തേക്കടി തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലേക്ക് ലക്ഷകണക്കിന് സഞ്ചാരികൾ യാത്ര ചെയ്യുന്ന വഴിയാണിത്. എന്നാൽ ഈ റൂട്ടിൽ ഒരു വിശ്രമകേന്ദ്രം ഇല്ലാത്തത് സഞ്ചാരികളെ ബുദ്ധിമുട്ടിച്ചിരുന്നു. ഈ കുറവ് മനസിലാക്കിയാണ് ഡിറ്റിപിസിയുടെ വഴിയോര വിശ്രമകേന്ദ്രം സജ്ജമാകുന്നത്. റസ്റ്റോറന്റ്, ടോയ്‌ലറ്റ്, പാർക്കിംഗ് ഏരിയ, ഇരിപ്പിടങ്ങൾ, ചെക്ക്ഡാം എന്നിവ ഈ വിശ്രമകേന്ദ്രത്തിൽ നിർമ്മിക്കും.

ഹെറിറ്റേജ് ബിൽഡിംഗ്
വാഗമണ്ണിലെ പഴയ സൊസൈറ്റി കെട്ടിടം പുനരുദ്ധരിച്ച് ഹെറിറ്റേജ് കെട്ടിടമാക്കി മാറ്റുകയാണ് പദ്ധതി. കെട്ടിടത്തിൽ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി പൈതൃകം നഷ്ടപ്പെടുത്താതെയാകും പുനരുദ്ധരിക്കുക. ഈ കെട്ടിടം കടമുറികൾക്കായി നൽകും. മേൽനോട്ടം ഡിറ്റിപിസിക്കായിരിക്കും.
സംസ്ഥാന ടൂറിസം വകുപ്പും ഡിറ്റിപിസിയുമാണ് പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്. ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ സഞ്ചാരികളുടെ എണ്ണവും വാഗമണ്ണിൽ കൂടും. കേന്ദ്രസർക്കാരിന്റെ തേക്കടി-വാഗമൺ-ഗവി ടൂറിസം സർക്യൂട്ട് കൂടി പൂർത്തിയാകുന്നതോടെ വാഗമണ്ണിലൂടെയുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാകുമെന്ന് ഡിറ്റിപിസി സെക്രട്ടറി ജയൻ പി. വിജയൻ പറഞ്ഞു. വിദേശി സഞ്ചാരികളേക്കാൾ സ്വദേശികളായവരാണ് വാഗമണ്ണിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. പെട്ടെന്ന് എത്തിച്ചേരാൻ കഴിയുമെന്നതും പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുമെന്നതും യാത്രയെ സ്‌നേഹിക്കുന്നവരെ വാഗമണ്ണിലേക്ക് ആകർഷിക്കുന്നു. നേർത്ത തണുത്ത കാറ്റിലൂടെ പച്ചപ്പ് നിറഞ്ഞ വാഗമണ്ണിലേയ്ക്ക് അപ്പോൾ ഇനി ഒരു സ്‌പെഷൽ യാത്രയ്ക്കായി ഒരുങ്ങാം.