ശുചിത്വം, മാലിന്യനിർമ്മാർജനം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് അറിവ് പകരുന്നതോടൊപ്പം പരിശീലനവും നൽകുന്ന ഹരിതകേരളം ജാഗ്രതോത്സവം-18 ന് മെയ് ആദ്യവാരം തുടക്കമാകും. ഇതിന് മുന്നോടിയായി ജില്ലയിലെ എട്ട് ബ്ലോക്കുപഞ്ചായത്തുകളിലും ബ്ലോക്ക്തല പരീശീലന പരിപാടികൾ നടന്നുവരുന്നു. അഴുത ബ്ലോക്ക്പഞ്ചായത്തിൽ നടന്ന പരിശീലകർക്കുളള പരിശീലനം ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുധാകരൻ നീലാംബരൻ ഉദ്ഘാടനം ചെയ്തു. ഹരിതകേരളമിഷന്റെയും കിലയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്കുപഞ്ചായത്തിനു കീഴിൽ വരുന്ന ആറു ഗ്രാമപഞ്ചായത്തുകളിൽ നിന്നുളള കുടുംബശ്രീ, സാക്ഷരതാ പ്രേരക്, ആരോഗ്യ പ്രവർത്തകർ, ശുചിത്വമിഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഓരോ പഞ്ചായത്ത്തലത്തിലും പരിശീലനം നടക്കും. ഇതിനുശേഷം ഓരോ വാർഡ്തലത്തിലും കുടുംബശ്രീ ബാലസഭകൾ ഉൾപ്പെടെയുളള അൻപതോളം കുട്ടികളെ പങ്കെടുപ്പിച്ചാണ് അവധിക്കാല ജാഗ്രതോത്സവം സംഘടിപ്പിക്കുന്നത്. നാടൻ ഭക്ഷണം, നാടൻകളികൾ, പഠനപ്രോജക്ടുകൾ ,ക്ലാസുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയുളള വാർഡ്തല ദ്വിദിനക്യാമ്പിൽ അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികളെയാണ്പങ്കെടുപ്പിക്കുന്നത് . എലിവാഴും കാലം, കൊതുകുകളുടെ ലോകം, ജലജന്യരോഗം എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ക്ലാസുകൾ. മെയ് ആദ്യവാരത്തിൽ ജില്ലയിലെ മുഴുവൻ വാർഡുകളിലും അവധിക്കാല ജാഗ്രതോത്സവ ദ്വിദിന ക്യാമ്പ് നടക്കുമെന്ന് ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ ഡോ.ജി.എസ് മധു അറിയിച്ചു. പ്രതിദിനം, പ്രതിരോധം, ജാഗ്രതോത്സവം എന്നതാണ് ഹരിതകേരള മിഷൻ ആരോഗ്യ, ശുചിത്വ പ്രവർത്തന മേഖലയുമായി മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. ഇതിന്റെ ആദ്യപടിയായി ഏപ്രിൽ ആദ്യവാരം സംസ്ഥാനതലത്തിൽ പരിശീലകർക്കുളള പരിശീലനം നടന്നിരുന്നു. തുടർന്ന് ഇവിടെ നിന്നും പരീശീലനം ലഭിച്ചവരാണ് ഏപ്രിൽ 12,13 തീയതികളിൽ ജില്ലാതലങ്ങളിലുളളവർക്ക് പരിശീലനം നല്കിയത്. ജില്ലാതലത്തിലുളളവർ ബ്ലോക്ക് തലത്തിലും, ബ്ലോക്ക്തല പരിശീലകർ ഗ്രാമപഞ്ചായത്ത്തലത്തിലും പരീശീലനം നൽകുന്നു. ഇത്തരത്തിൽ ഗ്രാമപഞ്ചായത്ത് തലം വരെയുളള പരീശീലനത്തിന്റെ മേൽനോട്ടം കിലയ്ക്കാണ്. വാർഡ്തല സാനിറ്റേഷൻ സമിതിയ്ക്കാണ് അവധിക്കാല ജാഗ്രതോത്സവത്തിന്റെ ചുമതല. കുടുംബശ്രീ, സാക്ഷരതാ മിഷൻ, ആരോഗ്യ വകുപ്പ്, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണവകുപ്പ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് ഹരിതകേരളമിഷൻ പദ്ധതി നടപ്പാക്കുന്നത്.