എറണാകുളം : ഷിഗല്ല വൈറസ് പ്രതിരോധത്തിൽ അയവ് വരുത്താതെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുകയാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. നിലവിൽ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെങ്കിലും കരുതൽ തുടരാൻ ആണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ഷിഗല്ല പ്രതിരോധം ഉറപ്പാക്കാനായി പ്രത്യേക യോഗങ്ങൾ ചേരുകയും രോഗസാധ്യത ഇല്ലാതാക്കാനുള്ള നടപടികൾ ഉറപ്പാക്കുകയും ചെയ്തു കൊണ്ടാണ് പ്രതിരോധം ഉറപ്പാക്കുന്നത്.
രോഗം സ്ഥിരീകരിച്ച ചോറ്റാനിക്കരയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചില്ല എങ്കിലും പ്രതിരോധത്തിൽ അയവ് വരുത്താതെ ആണ് ആരോഗ്യ വിഭാഗത്തിന്റെ പ്രവർത്തനം. പുറത്തു നിന്നുള്ള ഭക്ഷണമാണ് രോഗത്തിന്റെ ഉറവിടം എന്നാണ് നിലവിലെ വിലയിരുത്തൽ.
രോഗം സ്ഥിരീകരിച്ച ചോറ്റാനിക്കര പഞ്ചായത്തിലെ 9-ആം വാർഡിൽ കിണറുകളിൽ ക്ലോറിനേഷൻ ഉൾപ്പടെ ഉള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞു. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഉൾപ്പടെ പ്രദേശത്തെ 14 കിണറുകളിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു പരിശോധന നടത്തിയെങ്കിലും ഇതു വരെ ഫലം വന്ന സാമ്പിളുകളിൽ ഒന്നും തന്നെ രോഗാണുവിന്റെ സാനിദ്ധ്യം കണ്ടെത്താൻ സാധിച്ചില്ല. പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും പ്രത്യേക യോഗം ചേർന്നു സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തു.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിലെ റാപിഡ് റെസ്പോൺസ് ടീം അടിയന്തര യോഗം കൂടി സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിലെയും കളമശ്ശേരി മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെയും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ രോഗം സ്ഥിരീകരിച്ച പ്രദേശം സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തു.
ചോറ്റാനിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും നേതൃത്വത്തിൽ പ്രദേശത്തു ആരോഗ്യ സർവ്വേ നടത്തിയിരുന്നു. വയറിളക്കം ഉൾപ്പടെ ഉള്ള രോഗങ്ങൾ പ്രദേശത്തു പടരുന്നുണ്ടോ എന്നറിയാനായാണ് സർവ്വേ നടത്തിയത്. കൂടാതെ സ്വകാര്യ ആശുപത്രികളിലും ആയുഷ് ഉൾപ്പടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലും വയറിളക്ക രോഗ സർവ്വേയും നടന്നു വരികയാണ്.
തീർത്ഥാടന കേന്ദ്രമായതിനാൽ തന്നെ പൊതു ശൗചാലയങ്ങളുടെ കാര്യത്തിലും ആരോഗ്യ പ്രവർത്തകരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. പൊതു ശൗചാലയങ്ങളിൽ ശുചിത്വ സർവ്വേ ഉൾപ്പടെ നടന്നു വരികയാണ്.
പ്രദേശത്തെ ഭക്ഷണ ശാലകളിലും ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വിഭാഗവും ചേർന്നു പരിശോധന നടത്തുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരും. സുരക്ഷിതമല്ലാത്ത രീതിയിൽ ഭക്ഷണം പാകം ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
മലിന ജലം, കേടായതും പഴകിയതുമായ ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗല്ല വൈറസ് പകരുന്നത്. വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് രോഗം പകരാതിരിക്കാനുള്ള പ്രധാന മാർഗം. ആശ പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും ജന പ്രതിനിധികളുടെയും നേതൃത്വത്തിൽ ബോധ വത്കരണ പരിപാടികൾ നടന്നു വരികയാണ്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ബോധവൽക്കരണ പരിപാടികളും ശക്തമായി തുടരുകയാണ്. പനി, വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉടനടി പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.