‘എന്റെ ജീവിതത്തില്‍ ആദ്യമായാണ് റോഡ് നിയമങ്ങളെക്കുറിച്ചും വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇത്രയധികം അറിവുകള്‍ ലഭിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ പലരും വാഹനം ഓടിക്കുന്നവരാണെങ്കിലും നിയമങ്ങളെക്കുറിച്ചും അത് പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമായ അറിവില്ലായിരുന്നു. വാഹനം ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ ഇത്തരം ബോധവല്‍ക്കരണ ക്ലാസുകള്‍ ഇനിയും സംഘടിപ്പിക്കണം.’- ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഎഡബ്ല്യുഎഫിന്റെ ജില്ലാ സെക്രട്ടിയായ വേണുഗോപാല്‍ ഇതുപറയുമ്പോള്‍ മോട്ടോര്‍വാഹനവകുപ്പിനും സമ്മതം.
ദേശീയ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് മോട്ടോര്‍വാഹനവകുപ്പ് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  വാഹനം ഉപയോഗിക്കുന്ന ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക ബോധവല്‍ക്കരണ സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് പുത്തന്‍ അറിവുകളാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലധികം ഭിന്നശേഷിക്കാര്‍ സെമിനാറില്‍ പങ്കെടുത്തു.ഇവരില്‍ ഭൂരിഭാഗവും സൈഡ് വീല്‍ ഘടിപ്പിച്ച വാഹനം ഉപയോഗിക്കുന്നവരാണെങ്കിലും പലര്‍ക്കും റോഡ് നിയമങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ളവരായിരുന്നില്ല. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്നതും ചിലര്‍ക്ക് പുതിയ അറിവായിരുന്നു. ഇത്തരത്തില്‍ ഒത്തിരിയേറെ അറിവുകളാണ് ഈ സെമിനാറിലൂടെ ലഭിച്ചതെന്ന് മുളിയാറില്‍ നിന്നുള്ള സുലൈമാനും പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാര്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ പരിശോധിച്ച ആവശ്യമായ അറ്റകുറ്റപണികളും ഇതിനോടനുബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് ചെയ്തുകൊടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ടിഒ ബാബുജോണ്‍ അധ്യക്ഷതവഹിച്ചു. എഡിഎം:എന്‍.ദേവീദാസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ഡീനഭരതന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ.പി ഉഷ എന്നിവര്‍ സംസാരിച്ചു. ‘പരിമിതികള്‍ ചവിട്ടുപടികള്‍’ എന്ന വിഷയത്തില്‍ ജേസീസ് അന്താരാഷ്ട്ര പരിശീലകന്‍ വി.വേണുഗോപാല്‍ ക്ലാസ് എടുത്തു.  തുടര്‍ന്ന് ആര്‍ടിഒ ബാബുജോണുമായി പ്രത്യേക സംവാദവും ഉണ്ടായി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ രാജീവന്‍ സ്വാഗതവും അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.സുധാകരന്‍ നന്ദിയും പറഞ്ഞു.