ഇടുക്കി:റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ 10,000 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മുഖ്യമന്ത്രി പ്രഖാപിക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ ഹരിത ഓഡിറ്റിങ് ആരംഭിച്ചു. ഹരിതകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അമല്‍ ലാല്‍ പി.വി, ഇടുക്കി ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗിരീഷ് കുമാര്‍ വി.എം. ഉപ്പുതറ ബ്ലോക്ക് ദേശീയ ആരോഗ്യ ദൗത്യം പി.ആര്‍.ഒ ടോണി ജോര്‍ജ്ജ് ജോസ് എന്നിവരടങ്ങിയ സംഘം കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസ്, ജില്ലാ പ്ലാനിംങ്ങ് ഓഫീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം (എന്‍.എച്ച്.എം), കൂടുംബശ്രീ, ശുചിത്വമിഷന്‍ എന്നീ ഓഫീസുകളിലെ ഓഡിറ്റിങ്ങ് ഇന്നലെ (ജനുവരി 13) പൂര്‍ത്തിയാക്കി. 20നകം ജില്ലയിലെ പരിശോധന പൂര്‍ത്തിയാക്കും.
ഓഡിറ്റിങ്ങ് ടീം നടത്തുന്ന പരീക്ഷയുടെ ആകെ മാര്‍ക്ക് 100 ആണ്. 90-100 മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡ് ലഭിക്കും. ഏറ്റവും മികച്ച നിലവാരം പുലര്‍ത്തുന്ന മൂന്ന് ഓഫീസുകള്‍ തെരഞ്ഞെടുത്ത് 26ലെ മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രഖ്യാപനത്തിനു ശേഷം അവാര്‍ഡ് നല്‍കും. 80-89 മാര്‍ക്ക് നേടുന്നവയ്ക്ക് ബി ഗ്രേഡും 70-79 മാര്‍ക്കിന് സി ഗ്രേഡും ലഭിക്കും. 70 ല്‍ താഴെ മാര്‍ക്ക് ലഭിക്കുന്നവര്‍ തോറ്റതായി കണക്കാക്കും. അവര്‍ വീണ്ടും പരീക്ഷയ്ക്ക് വിധേയമാകേണ്ടി വരും.
#harithakeralammission