കണ്ണൂർ: ചെറുതാഴത്തെ ഗോവിന്ദേട്ടന്റെ വീട്ടില്‍ നിന്നും നിത്യവും പാറ്വേ.. മാള്വേ… എന്ന് നീട്ടിയുള്ള ഒരു വിളിയുണ്ട്. ഈ വിളിക്ക് കൃത്യമായി മറുപടിയും കേള്‍ക്കാം. തൊട്ടുപിറകെ പത്തു പന്ത്രണ്ടു പേര് തുടര്‍ മറുപടിയുമായി ചാടിയെഴുന്നേല്ക്കും.ഗോവിന്ദേട്ടന്റെ മക്കളല്ല ഇവരൊന്നും. മറിച്ച് മക്കളേക്കാളേറെ ഗോവിന്ദേട്ടന് സ്നേഹിച്ച് വളര്‍ത്തുന്ന പശുക്കളാണിവ. കഴിഞ്ഞ ഇരുപതു വര്‍ഷമായി തുടരുന്ന ഉപജീവനമാര്‍ഗം. ചെറുതാഴം പ്രദേശത്തെ പ്രമുഖ ക്ഷീരകര്‍ഷകനായ ഗോവിന്ദേട്ടനും അദ്ദേഹത്തിന്റെ പശുക്കളും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറെ സന്തോഷത്തിലാണ്. ഇഷ്ടം പോലെ പാലും തീറ്റയും പുല്ലും പിണ്ണാക്കുമൊക്കെയായി സമൃദ്ധിയുടെ നിറവിലാണവര്‍.ഇവരുടെ മാത്രം സ്ഥിതിയല്ലിത്. ചെറുതാഴത്തെ ഓരോ ക്ഷീരകര്‍ഷകനും ആശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും നല്ല നാളുകള്‍ പിന്നിടുന്നു. ക്ഷീരകര്‍ഷക കൂട്ടായ്മയായ ചെറുതാഴം ക്ഷീരസഹകരണ സംഘത്തിന്റെ ഇടപെടലുകളാണ് ഇതിന് കാരണം. ചെറുതാഴം മില്‍ക്കെന്ന പേരില്‍ വിപണി കീഴടക്കുന്ന നാടിന്റെ നേരുള്ള പാല്ക്കൊട്ടയിലേക്ക് മുപ്പത് ലിറ്ററോളം പാല് നല്കുന്ന കെ വി ഗോവിന്ദനെപ്പോലുള്ള നിരവധി ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് ക്ഷീര സഹകരണ സംഘം. ന്യായവിലയ്ക്ക് പാല് സംഭരിക്കുന്നതിനൊപ്പം പശുക്കള്‍ക്കുള്ള തീറ്റയും മറ്റു സഹായങ്ങളും നല്കി സംഘം കര്‍ഷകര്‍ക്ക് തുണയേകുന്നു.ജില്ലയിലാകെ ഏറെ ആവശ്യക്കാരുള്ള നാടന്‍ പാലുല്പാദന കേന്ദ്രമായി ക്ഷീര സംഘം വളരുമ്പോള്‍ സാധാരണക്കാരായ ക്ഷീരകര്‍ഷകരുടെ കൂട്ടായ്മയുടെ വിജയം കൂടിയായി അത് മാറുന്നു.
കല്യാശ്ശേരി നിയോജമണ്ഡലത്തില്‍ നടപ്പാക്കുന്ന നിറവ് കല്യാശേരി പദ്ധതിയുടെ ഭാഗമായാണ് പ്രദേശത്തിനാവശ്യമായ പാല് പ്രദേശത്ത് തന്നെ ഉല്പാദിപ്പിക്കുക എന്നൊരു ആശയം മുന്നോട്ട് വെക്കുന്നത്. പഞ്ചായത്തിലെ ക്ഷീരോല്പ്പാദനം വര്‍ധിപ്പിക്കുകയായിരുന്നു ആദ്യപടി. കൃത്യമായ പരിചരണത്തിലൂടെയും പരിശ്രമത്തിലൂടെയും ആദ്യഘട്ടത്തില്‍ തന്നെ ചെറുതാഴം പഞ്ചായത്തിലെ പാല് ഉല്പാദനം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് സാധിച്ചു. 650 ലിറ്റര്‍ പാല് സംഭരണത്തില്‍ നിന്നും പ്രതിദിനം 2000 ലിറ്റര്‍ പാല് സംഭരണത്തിലേക്കെത്താന് ഇവര്‍ക്കു സാധിച്ചു.കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാല് പഞ്ചായത്തിലെ ആവശ്യവും കഴിഞ്ഞ് ബാക്കിവരുകയും പഞ്ചായത്തിന്റെ പ്രവര്‍ത്തന പരിധിക്കപ്പുറത്തേക്ക് വില്പന സാധ്യമാകാതെ വരികയും ചെയ്തപ്പോഴാണ് സ്വന്തമായി ഡയറി പ്ലാന്റ് എന്ന ആശയം ഉദിക്കുന്നത്. ക്ഷീരകര്‍ഷകര്‍ ഒരു ദിവസം അളക്കുന്ന പാലില്‍ 1 ലിറ്ററിന് ഒരു രൂപ നിരക്കില്‍ 3 വര്‍ഷത്തേക്ക് സംഭാവന നല്കാന് കര്‍ഷകര്‍ തീരുമാനിച്ചു.കേരള ബാങ്കിന്റെ 90 ലക്ഷം രൂപ വായ്പയോടൊപ്പം ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന്റെ 50 ലക്ഷം രൂപ നിക്ഷേപവും, കണ്ണപുരം ഏഴോം ക്ഷീരസംഘങ്ങളുടെ 15 ലക്ഷം രൂപ നിക്ഷേപവും വ്യക്തികള്‍ നല്കിയ 25 ലക്ഷം രൂപ നിക്ഷേപവും, കര്‍ഷകര്‍ നല്കിയ 10 ലക്ഷം രൂപ നിക്ഷേപവും ചെറുതാഴം ക്ഷീര സഹകരണ സംഘത്തിന്റെ സ്വന്തം ഫണ്ടും ചേര്‍ത്ത് രണ്ട് കോടി അഞ്ച് ലക്ഷം രൂപ ചെലവിലാണ് ചെറുതാഴം മില്‍ക്കിനായി ഡയറി പ്രോസസ്സിംഗ് പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കിയത്. ഇതോടെ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തന്നെ പരമ്പരാഗത ക്ഷീരസംഘങ്ങളുടെ ബാക്കി വരുന്ന പാല്‍വിതരണം ചെയ്യാനുള്ള അവസരവും കൈവന്നു.
തനി നാടന്‍ പാലിന് ജില്ലയിലെമ്പാടും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ചെറുതാഴം ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് കെ സി തമ്പാന് മാസ്റ്റര്‍ പറയുന്നു.പ്രതിദിനം 13000 ലിറ്റര്‍ പാലാണ് ഇവിടെ പ്രോസസ് ചെയ്യുന്നത്.17 താല്‍ക്കാലിക ജീവനക്കാരാണ് പ്ലാന്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.പാലിനു പുറമെ തൈര്, മോര്, നെയ്യ്, എന്നിവയും ഉല്പാദിപ്പിക്കുന്നു. ചെറുകിട യൂണിറ്റുകള്‍ രൂപീകരിച്ച് പേഡ, ഐസ്ക്രീം, പനീര്‍ എന്നിവയും നിര്‍മ്മിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്.പാക്കറ്റിന് 23 രൂപ എം ആര് പി നിരക്കിലാണ് ചെറുതാഴം മില്‍ക്ക് വിപണിയിലെത്തിക്കുന്നത്.വ്യവസായ വകുപ്പ് വേണ്ട സഹായങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.പാല് ഉല്പാദനം ഉയര്‍ത്തി 2500 ലിറ്റര്‍ പ്രോസസ് ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യം.പാല് ഉല്പാദനത്തില് സര്‍ക്കാരിനോടൊപ്പം ചേരാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ചെറുതാഴം ക്ഷീരസംഘം പ്രവര്‍ത്തകര്‍.
