തൃശ്ശൂർ: 2021 – 22 വർഷത്തേക്കുള്ള കർമ പദ്ധതികളുടെ ആസൂത്രണം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്‌ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് വിവിധ മേഖലകളിൽ ആസൂത്രണങ്ങൾ നടക്കുന്നത്.

വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി. സി.വി.സുനിൽകുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ബ്ലോക്ക് പ്രസിഡന്റ് കെ.വി.നഫീസ ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 13 വർക്കിംഗ് ഗ്രൂപ്പുകൾ നിരവധി പദ്ധതി നിർദ്ദേശങ്ങൾ യോഗത്തിൽ സമർപ്പിച്ചു. ബന്ധപ്പെട്ട വിഭാഗങ്ങളിലെ കൺവീനർമാർ ഈ നിർദ്ദേശങ്ങൾ സംക്ഷിപ്ത രൂപത്തിൽ അവതരിപ്പിച്ചു. വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പ്രവാസികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, യുവജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയ ജനവിഭാഗങ്ങളുടെ പ്രത്യേക യോഗങ്ങൾ ഫെബ്രു. ഒന്നിന് വിവിധ സെഷനുകളിലായി സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.

ബ്ലോക്ക് ഗ്രാമസഭ ഫെബ്രു. നാലിന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്താനാണ് തീരുമാനം.
ബ്ലോക്ക് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്തു.