ആലപ്പുഴ: കോവിഡ് പോസിറ്റീവ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ജില്ലയിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ല ഭരണകൂടം. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ സെക്ടറൽ മജിസ്റ്ററേറ്റുമാരെ നിയമിച്ചു. ജില്ലയിലുടനീളം നിരീക്ഷണം ശക്തമാക്കാൻ പൊലീസിന് പ്രത്യേക നിർദേശം നൽകി. പഞ്ചായത്ത് തലത്തിൽ റാപിഡ് റെസ്പോൺസ് ടീമുകളുടെ (ആർ.ആർ.റ്റി) പ്രവർത്തനം കൂടുതൽ ശക്തമാക്കും. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ സർക്കാർ മാനദണ്ഡ പ്രകാരമുള്ള ആളുകൾ മാത്രമേ പങ്കെടുക്കാവൂ. ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്നവർ അതത് തദ്ദേശ സ്ഥാപനങ്ങളെ മുൻകൂട്ടി അറിയിക്കണം. യാതൊരു കാരണവശ്ചാലും ആളുകൾ കൂട്ടം കൂടരുത്. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പടെ എല്ലാ സ്ഥലങ്ങളിലും കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഇവ ഉറപ്പാക്കാനും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സെക്ടറൽ മജിസ്റ്ററേറ്റുമാരെയും പോലീസിനെയും ചുമതലപ്പെടുത്തി. കണ്ടൈൻമെൻറ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കും. സർക്കാർ മാർഗനിർദേശ പ്രകാരം അനുവദിച്ച യാത്രകൾ ഒഴിക്കെ മറ്റൊന്നും കണ്ടൈൻമെൻറ് സോണുകളിൽ അനുവദിക്കില്ല. ഈ സ്ഥലങ്ങളിൽ ജനങ്ങൾ അനാവശ്യമായി പുറത്ത് ഇറങ്ങുവാനോ കൂട്ടം കൂടുവാനോ പാടില്ല.
ആലപ്പുഴ ബീച്ച് അടക്കമുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കണം. മാസ്ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കണം. ഇവ ഉറപ്പാക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ജില്ല കളക്ടർ എ അലക്സാണ്ടർ, കോവിഡ് നിയന്ത്രണ ചുമതലയ്ക്കായി സർക്കാർ നിയോഗിച്ച ചാർജ് ഓഫീസർ അമിത് മീണ, സബ് കളക്ടർ എസ് ഇല്യക്യ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അലക്സ് മാത്യു, ഡിഎംഒ ഡോ.എൽ അനിതകുമാരി, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ എന്നിവർ പങ്കെടുത്തു.