ആലപ്പുഴ : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ പുതുതായി നിർമ്മിച്ച ഏഴു സ്കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ, സമൂഹത്തിലെ എല്ലാ വേലിക്കെട്ടുകള്‍ക്കും അതീതമായി എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നതായിരുന്നു ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ നിരവധി നേട്ടങ്ങള്‍ നാം നേടി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ അധ്യയന വർഷം ആറ് ലക്ഷത്തി എൺപതിനായിരം കുട്ടികൾ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് കടന്നു വന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരാണ്.
കോവിഡ് കാലത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെയും മുഖ്യമന്ത്രി പ്രശംസിച്ചു. ഈവർഷം മികച്ച രീതിയിൽ വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചു. ഓൺലൈൻ വിദ്യാഭ്യാസം നാം ആഗ്രഹിച്ചതല്ലെങ്കിലും പ്രതിസന്ധി ഘട്ടത്തിലും അതിന് അനുസൃതമായി മുന്നോട്ടു പോകാൻ സാധിച്ചുവെന്നും അങ്ങേയറ്റം അഭിനന്ദനാർഹമായ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളിൽ വന്നിട്ടുള്ള പുതിയ മാറ്റം ഉൾക്കൊള്ളാൻ തയ്യാറായി വേണം കുട്ടികൾ കോവിഡാനന്തര കാലത്ത് സ്കൂളിലേക്ക് മടങ്ങിയെത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നാലാംഘട്ട ഉദ്ഘാടനത്തിൽ സംസ്ഥാനത്ത് 111 സ്കൂളുകളാണ് കിഫ്ബിയുടെ സഹായത്താൽ നാടിന് സമർപ്പിച്ചത്.
കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു . 309 കോടി രൂപ വില ചെലവഴിച്ചാണ് സംസ്ഥാനത്ത് ഇന്ന് ഉദ്ഘാടനം ചെയ്ത 111 സ്കൂളുകളും നിർമ്മിച്ചിരിക്കുന്നത്. സ്കൂളുകളുടെ നിർമാണത്തിന് സഹായം നൽകിയ കിഫ്‌ബി, നബാർഡ്, ജനപ്രതിനിധികൾ എന്നിവരുൾപ്പടെ എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ ധനകാര്യ – കയർ വകുപ്പ് മന്ത്രി ഡോക്ടർ ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.
കേരളത്തെ വിജ്ഞാന സമൂഹമായി പരിവർത്തനം നടത്തുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസത്തിലും മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. സാധാരണജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വികസനങ്ങൾ കിഫ്ബി യാഥാർത്ഥ്യമാക്കി. സ്കൂൾ ഡിജിറ്റലൈസേഷൻ എല്ലാ ക്ലാസ് മുറികളിലും കമ്പ്യൂട്ടർ, എല്ലാ വിദ്യാർത്ഥികൾക്കും സ്വന്തമായി ലാപ്ടോപ്പ്, എല്ലാവർക്കും ഒരുപോലെ വിദ്യാഭ്യാസം കെട്ടിട നവീകരണം ഇവയൊക്കെ എടുത്തു പറയേണ്ടവയാണ്.
സ്കൂൾ മെച്ചപ്പെട്ടതിൽ വലിയൊരു പങ്ക് സ്കൂൾ പിടിഎ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയർ വഹിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലയിൽ ജി.എച്ച്.എസ്.എസ് ചേർത്തല സൗത്ത്, ജി. എസ്.എം.എം.ജി.എച്ച്.എസ്. എസ്. എസ് എൽ പുരം, ജി.എച്ച്.എസ്.എസ് കിടങ്ങറ, ജി.യു.പി.എസ് സ്കൂൾ നെടുമുടി സൗത്ത് , ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കായംകുളം, ഗവൺമെന്റ് ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ചെങ്ങന്നൂർ, ഗവൺമെന്റ് എസ്.എച്ച്.എസ്എസ് കുടശ്ശനാട് എന്നീ ഏഴു സ്കൂളുകൾ ആണ് ഇന്ന് നാടിന് സമർപ്പിച്ചത്.
ജി.എച്ച്.എസ്.എസ് ചേർത്തല സൗത്ത് സ്കൂളിൽ നടന്ന ചടങ്ങ് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റം ഉണ്ടായ കാലഘട്ടമാണ് കഴിഞ്ഞ അഞ്ചുവർഷമെന്ന് മന്ത്രി പറഞ്ഞു. കേരളം ഈ കാലഘട്ടത്തിൽ കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം പൊതു വിദ്യാഭ്യാസമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നിബു എസ് പത്മം, വാർഡ് മെമ്പർ റോയിമോൻ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി ജി മോഹനൻ, ജില്ല പഞ്ചായത്ത് അംഗം വി ഉത്തമൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ എ കെ പ്രസന്നൻ, ബി ആർ സി കോഡിനേറ്റർ ഷാജി മഞ്ജരി, പിടിഎ പ്രസിഡണ്ട് ഡി പ്രകാശൻ, എസ് എം സി ചെയർമാൻ സജി വി, ഡയറ്റ് പ്രിൻസിപ്പൽ രമേശൻ കെ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല പി എസ് തുടങ്ങിയവർ പങ്കെടുത്തു.
ഒരുകോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച നെടുമുടി ഗവൺമെന്റ് യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്ലാൻ ഫണ്ടിൽ നിന്നും 96, 74182 രൂപ വിനിയോഗിച്ചാണ് പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ചെമ്പുംപുറം ഗവണ്മെന്റ് സ്കൂളിൽ നടന്ന ചടങ്ങിൽ നെടുമുടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എസ് കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. നെടുമുടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിതാ രാജേഷ് ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗോകുൽ ഷാജി, പി റ്റി എ പ്രസിഡന്റ് മനോജ് എസ്, മങ്കൊമ്പ് എ ഇ ഒ മൊയ്‌ദീൻ എ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പണി പൂര്‍ത്തിയാക്കിയ എസ് എൽ പുരം ജി ശ്രീനിവാസ മല്ലൻ മെമ്മോറിയൽ ഗവ ഹയർ സെക്കന്ററി സ്കൂൾ ഇരു നില കെട്ടിടം ശിലാഫലകം അനാച്ഛാദനം ധനമന്ത്രി ടി എം തോമസ് ഐസക് നിർവഹിച്ചു. പുതുതായി നിർമിച്ച കെട്ടിടത്തിൽ 2 നിലകൾ കൂടി നിർമ്മിക്കുന്നതിനായി 3 കോടി രൂപ സർക്കാർ അനുവദിച്ചതായി മന്ത്രി ചടങ്ങിൽ അറിയിച്ചു.2 നിലയിലെ പഴയ ക്ലാസ്സ് മുറി പൊളിച്ചു മാറ്റി സ്കൂളിന് നല്ലൊരു മൈതാനംനിർമ്മിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ സ്കൂൾ അധികാരികൾക്ക് നിർദ്ദേശം നൽകി.
കിഫ്ബിയില്‍ നിന്നുള്ള മൂന്നു കോടിയും ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 75 ലക്ഷം രൂപയും വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.10 ക്ലാസ്സ് മുറികളും സ്റ്റാഫ് റൂം, ഓഫീസ് റൂം, സിക്ക് റൂം, 16ഓളം ശുചിമുറികളും കൂടിയതാണ് പുതിയ ഇരു നില കെട്ടിടം.
മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദർശനഭായി അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എം പി, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിയ, കഞ്ഞികുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ,സ്കൂൾ പ്രിൻസിപ്പൽ എം എസ് വൃന്ദ, സ്കൂൾ അധികൃതർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്ത് 111 പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതോടൊപ്പം പാലമേൽ ഗ്രാമ പഞ്ചായത്തിലെ കുടശ്ശനാട് തണ്ടാനുവിള ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച ഹൈടെക് ലാബും ആഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിലാണ് ഹൈടെക് സൗകര്യങ്ങളുള്ള ആധുനിക ലാബ് കെട്ടിടവും, ആഡിറ്റോറിയവും നിർമ്മിച്ചിരിക്കുന്നത്. ചടങ്ങ് ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോട് കൂടി നവീകരിച്ച സ്കൂൾ മികവിന്റെ കേന്ദ്രമായി മാറിക്കഴിഞ്ഞതായി എം.എൽ.എ പറഞ്ഞു. പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ -ഡയറക്ടർ ധന്യ ആർ. കുമാർ, ബ്ളോക്ക് പഞ്ചായത്തംഗം ആർ.സുജ, ഗ്രാമ പഞ്ചായത്തംഗം മിനി രാജു, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസർ എ.സിദ്ധീഖ്, എ.ഇ.ഒ ജയിംസ് പോൾ, പ്രിൻസിപ്പാൾ കെ.ബാബു, പി.റ്റി.എ പ്രസിഡന്റ് ഉമ്മൻ തോമസ്, ഓമനാ വിജയൻ , സലീന ബീവി തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിലെ മുൻ പ്രിൻസിപ്പാൾ ആനന്ദക്കുട്ടൻ ഉണ്ണിത്താൻ, മുൻ പി. റ്റി. എ പ്രസിഡന്റ് രഘു എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
കിടങ്ങറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച കെട്ടിടത്തിന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. സ്കൂൾ അങ്കണത്തിൽ പുതിയ കെട്ടിടത്തിൻ്റെ ശിലാഫലകം അനാച്ഛാദനം വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം വി വിശ്വംഭരൻ നിർവ്വഹിച്ചു,
പിടിഎ പ്രസിഡണ്ട് പി എം ജിജൻ അധ്യക്ഷനായി. വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ,വൈസ് പ്രസിഡന്റ് എം ബി സജീവ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ആശാ മനോജ്, സിന്ദു സൂരജ്, ബ്ലോക്ക് മെമ്പർ രാജീവ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ എ കെ പ്രസന്നൻ, എസ് എസ് പ്രോജക്ട കോഡിനേറ്റർ നടരാജൻ ജോജി മോർ കെ ജെ, കെ മോഹൻലാൽ, കെ ഗോപിനാഥൻ, എം വി മനോജ്, ഗ്രേസി സക്കറിയ ‘ വിശ്വജിത്ത് ,അമ്പിളി എസ്, പ്രിൻസിപ്പൽ വിശ്വജിത്ത് പി എസ്, ഹെഡ് മാസ്റ്റർ സി ജയരാജൻ എന്നിവർ സന്നിഹിതരായി.
ചെങ്ങന്നൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടി സ്കൂളിൽ നിർമ്മിച്ച ഇരുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനവും നടന്നു. സജി ചെറിയാൻ എം. എൽ. എയുടെ നിർദേശത്തെ തുടർന്ന് പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഏഴ് ക്ലാസ്സ് റൂമികളോട് കൂടിയതാണ് പുതിയ ഇരുനില കെട്ടിടം .ചടങ്ങിൽ ചെങ്ങന്നൂർ നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി ബാലകൃഷ്ണൻ,എ ഇ ഒ സരസ്വതി, പ്രിൻസിപ്പൽ ഡോ: രാജഗോപാൽ,ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ.ഇ, പിടിഎ പ്രസിഡണ്ട് ഷിബി സുനിൽ, രാഷ്ട്രീയ പ്രമുഖർ, അധ്യാപകർ, തുടങ്ങിയവർ സന്നിഹിതരായി.