Kerala’s Top 50 Policies and Projects-46
സേവനങ്ങൾക്ക് ജനങ്ങൾ നിരന്തരം ബന്ധപ്പെടുന്ന വകുപ്പാണ് റവന്യൂ വകുപ്പ്. ഭൂമിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ
ആവശ്യങ്ങൾ വില്ലേജ് ഓഫീസുകളിലൂടെയാണ് റവന്യു വകുപ്പ് യാഥാർത്ഥ്യമാക്കുന്നത്. അതോടൊപ്പം വില്ലേജ് ഓഫീസർമാരുടെ സഹായത്തോടെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പ്രാദേശിക ഏകോപനവും സാധ്യമാക്കുന്നു. റവന്യു വകുപ്പിന്റെ ആധുനീകരണവും പുരോഗതിയും ലക്ഷ്യമിട്ട് മൂന്ന് മേഖലകളിൽ സർക്കാർ സ്വീകരിച്ച നയങ്ങൾ ഇന്നത്തെ ലേഖനത്തിൽ പരിചയപ്പെടുത്താം.
കാലത്തിനനുസരിച്ച് ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് വില്ലേജ് റവന്യു സംവിധാനത്തെ ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുകയെന്ന തീരുമാനമാണ് സർക്കാർ ആദ്യമെടുത്തത്. ഇതിന്റെ ഭാഗമായി 1601 വില്ലേജ് ഓഫീസുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ഉറപ്പാക്കി. എല്ലാ വില്ലേജ് ഓഫീസുകളിലും ഇ-പോസ് യന്ത്രങ്ങൾ സ്ഥാപിച്ച് ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭൂമിയുടെ പോക്ക് വരവ് ഓൺലൈനാക്കാനുള്ള നടപടികളും തുടരുകയാണ്. 1656 വില്ലേജുകളിൽ ഓൺലൈൻ പോക്കുവരവ് സംവിധാനം നടപ്പിലാക്കി.
ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കാനും ഭൂരേഖകളുടെ പരിപാലനവും റീ സർവേയും സംബന്ധിച്ച പരാതികൾ സമയബന്ധിതമായി തീർപ്പാക്കാനും ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ഭൂരഹിതർക്ക് പട്ടയ വിതരണത്തിലൂടെ പരമാവധി ഭൂരേഖകൾ വിതരണം ചെയ്യാൻ റവന്യൂ വകുപ്പിന് കഴിഞ്ഞു. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ 176711 പട്ടയങ്ങളാണ് വിതരണം ചെയ്തത്. പട്ടയ വിതരണത്തിന്റെ എണ്ണത്തിൽ മാത്രമല്ല പട്ടയ ഉപാധികൾ ലഘൂകരിച്ച് ജനസൗഹൃദ നയവും സ്വീകരിക്കാൻ സർക്കാരിനായി.
ഭൂമി സംബന്ധിച്ച നടപടികൾ ലഘൂകരിച്ചതിനോടൊപ്പം ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടികളാണ് റവന്യൂ വകുപ്പെടുത്തത്. കേരള ഭൂസംരക്ഷണ നിയമം അനുസരിച്ച് 756.46 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. നെൽവയൽ തണ്ണീർതട നിയമം കൂടുതൽ ശക്തമാക്കാൻ നിയമ ഭേദഗതി വരുത്തി നെൽവയലുകളും തണ്ണീർതടങ്ങളും സംരക്ഷിച്ചു. ഉദ്യോഗസ്ഥ പ്രവർത്തനത്തിന്റെ ചട്ടങ്ങൾ പരിഷ്‌കരിച്ചും സേവനങ്ങൾ ഓൺലൈനാക്കി സ്മാർട്ട് വില്ലേജ് ഓഫീസുകൾ സ്ഥാപിച്ചും കാലാനുസൃത പരിഷ്‌കാരങ്ങൾ നടപ്പാക്കിയും ഓഫീസുകളെ കൂടുതൽ ജനസൗഹൃദമാക്കി പുരോഗതിയും വികസനവും ഉറപ്പാക്കുകയാണ് റവന്യൂ വകുപ്പ്.
#keralastop50policiesandprojects
#KeralaLeads