കണ്ണൂർ:ശക്തമായ പ്രതിരോധ നടപടികളിലൂടെയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും ലഹരി മുക്ത കേരളത്തിനുള്ള വഴികാട്ടിയാവാന്‍ എക്സൈസ് വകുപ്പിന് സാധിച്ചതായി തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്. പുതുതായി നിര്‍മ്മിച്ച കൂത്തുപറമ്പ് എക്സൈസ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരിക്കെതിരെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടപ്പാക്കുന്നതെന്നും ലഹരിമുക്ത കേരളം സൃഷ്ടിക്കാന്‍ സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി. ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന വകുപ്പെന്ന നിലയില്‍ എക്സൈസ് വകുപ്പിന് വിമുക്തിയുടെ സന്ദേശം ഫലപ്രദമായി ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വകുപ്പിന് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസ്,കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫീസ് എന്നിവയ്ക്ക് വേണ്ടി കൂത്തുപറമ്പ് സബ് ട്രഷറിക്ക് സമീപത്താണ് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെ 17 സെന്റില്‍ 1.28 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. ദീര്‍ഘകാലമായി കൂത്തുപറമ്പ് പാറാലിലെ വാടക കെട്ടിടത്തിലാണ് റെയ്ഞ്ച്, സര്‍ക്കിള്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
എഡിജിപി ആന്റ് എക്സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്, കൂത്തുപറമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ വി സുജാത ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷ ലിജി സജേഷ്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര് ഷീല, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ (ഭരണം) ഡി രാജീവ്, ഉത്തരമേഖലാ കോഴിക്കോട് ജോയിന്റ് എക്സൈസ് കമ്മീഷണര്‍ പി കെ സുരേഷ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം അന്‍സാരി ബീഗു, പിഡബ്ലൂഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ ജിഷാകുമാരി, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
