ആലപ്പുഴ: ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗതാഗത മേഖലയില്‍ രാജ്യത്തിനാകെ മാതൃകയായിട്ടുള്ള വിവിധ പദ്ധതികളാണ് കഴിഞ്ഞ് അഞ്ച് വര്‍ഷ കാലത്തിനുള്ളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. സേഫ് കേരള പദ്ധതിയുടെ ജില്ലാതല എന്‍ഫോഴ്സ്മെന്റ് കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഒരു വര്‍ഷത്തിനുള്ളില്‍ അപകട നിരക്കും മരണ നിരക്കും 50 ശതമാനമായി കുറയ്ക്കും. സുരക്ഷിതമായ യാത്രയും അപകട രഹിത കേരളവുമാണ് നമുക്ക് വേണ്ടത്. ഈ ലക്ഷ്യത്തിനായി അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള ഉത്തരവാദിത്വം എല്ലാവരും സ്വയം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ആര്‍.ടി. ഓഫീസുകളില്‍ എത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ആയാസ രഹിതമായും തടസ്സങ്ങളില്ലാതെയും അവരുടെ ആവശ്യങ്ങള്‍ നടത്താവുന്ന തരത്തിലുള്ള പരിഷ്‌ക്കാരങ്ങളാണ് വകുപ്പ് നടപ്പാക്കി വരുന്നത്. വിദേശത്ത് ഇരുന്നു തന്നെ ലൈസന്‍സ് അപേക്ഷ നല്‍കാനും അപേക്ഷകര്‍ക്ക് നേരിട്ട് ലൈസന്‍സ് എത്തിക്കാനുള്ള മാതൃകാപരമായ പദ്ധതിയും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിനും തീരുമാനം എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷയുടെ ഭാഗമായാണ് സേഫ് കേരളാ പദ്ധതി നടപ്പാക്കുന്നത്. അമിത വേഗത, അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ്, റോഡ് അപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവ കണ്ടെത്തി ജില്ലാതല കണ്ട്രോള്‍ റൂമില്‍ എത്തിച്ച് സംസ്ഥാന തലത്തില്‍ പരിശോധന, നിരീക്ഷണം എന്നിവ നടത്തും. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാവും ഇവ നടത്തുക. ഇതിലൂടെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ബാക്കിയുള്ള ജില്ലകളില്‍ മാര്‍ച്ച് മാസത്തോടെ സെല്ലുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏഴ് കേന്ദ്രങ്ങളിലാണ് കണ്ട്രോള്‍ റൂമുകള്‍ ഇന്ന് ഉദ്ഘാടനം ചെയ്തത്. അമ്പലപ്പുഴയില്‍ നടന്ന ചടങ്ങില്‍ പ്രാദേശിക ഉദ്ഘാടനം എ.എം. ആരിഫ് എംപി നിര്‍വ്വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കവിത, ജനപ്രതിനിധികളായ പി അഞ്ചു, പി രമേശന്, ജി വേണുലാല്‍, പി ജയലളിത, ആര്‍ടിഒ പി ആര്‍ സുമേഷ്, എംവിഐ ദിലീപ്കുമാര്‍ കെ എന്നിവര്‍ പങ്കെടുത്തു.