എറണാകുളം: പെരിയാർവാലി ജലസേചന പദ്ധതി പ്രകാരം കൃഷിക്ക് അനുയോജ്യമാക്കുന്നതിനായി വെള്ളം ഒഴുകിയെത്തുന്ന വരാപ്പുഴ ഭാഗത്തെ കനാൽ പൊളിച്ച കനാൽ പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കാൻ അദാലത്തിൽ നിർദേശം. 2019ലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് ആലങ്ങാട് ഏഴാം വാർഡിലെ വെള്ളം ഒഴുകി പോകുന്നതിനായി ചിലർ ചേർന്ന് പേർത്തനാട് ഭാഗത്തെ കനാൽ പൊളിച്ചത്. ആ സമയത്ത് സ്ഥലം സന്ദർശിച്ച മന്ത്രിയെയും എം എൽ എയെയും തെറ്റിദ്ധരിപ്പിച്ചാണ് കനാൽ പൊളിച്ചത്. ഇളമന തോടിൻ്റെ ഇരുഭാഗത്തുമുള്ള കൈയേറ്റവും തോട് നികന്നതും മൂലമാണ് വെള്ളമൊഴുക്ക് തടസപ്പെടുന്നത് എന്ന് പരാതിയിൽ പറയുന്നു. ആലങ്ങാട് പഞ്ചായത്തംഗം കെ.ആർ. ബിജു ആണ് പരാതി സമർപ്പിച്ചത്.

പെരിയാർവാലി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയർ നേരിട്ട് പോയി സ്ഥലം സന്ദർശിക്കാനും പൈപ്പ് ശരിയായി സ്ഥാപിച്ച് കനാലിലേക്കള്ള വെള്ളത്തിൻ്റെ ഒഴുക്ക് പുനസ്ഥാപിക്കാൻ ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കാനാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്. കനാലിൻ്റെ സ്ഥലം കൈയേറിയിട്ടുണ്ടോ എന്ന് അളന്നു തിട്ടപ്പെടുത്താനും കനാൽ പൊളിച്ച ഭാഗത്ത് ആവശ്യമായ നിർമ്മാണ പ്രവൃത്തികൾ നടത്താനും മന്ത്രി നിർദേശിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികളും ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്.