തിരുവനന്തപുരം: വര്‍ക്കല സര്‍ക്കാര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡ് മന്ദിരം, സോളാര്‍ പവര്‍ പ്ലാന്റ്, സിസിടിവി എന്നിവയുടെയും വര്‍ക്കല സര്‍ക്കാര്‍ യോഗ പ്രകൃതി ചികിത്സ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച പേ വാര്‍ഡ് മന്ദിരത്തിന്റെയും ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ ആയുഷ് വകുപ്പ് നടത്തിയ വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകരമായെന്ന് മന്ത്രി പറഞ്ഞു. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുവാനുള്ള മരുന്നുകള്‍ നല്ലൊരു ശതമാനം ജനങ്ങളിലേക്ക് എത്തിക്കാന്‍ വകുപ്പിനു സാധിച്ചു. ഇത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
ആയുഷ് വകുപ്പ് മൂന്നു കോടിയിലധികം രൂപ ചെലവഴിച്ചാണ് വര്‍ക്കല സര്‍ക്കാര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുതിയ ജനറല്‍ വാര്‍ഡ് മന്ദിരം നിര്‍മിച്ചത്. 50 കിടക്കകളാണ് പുതിയ കെട്ടിടത്തിലുള്ളത്. ഇവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേകം വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 11 ലക്ഷം രൂപ വിനിയോഗിച്ചാണ് സോളാര്‍ പവര്‍ പ്ലാന്റ്, സിസിടിവി ക്യാമറ എന്നിവ സജ്ജീകരിച്ചത്. 60 കിലോവാട്ട് ശേഷിയുള്ള പ്ലാന്റില്‍ 240 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും.
പ്ലാന്‍ ഫണ്ടില്‍ നിന്ന് ഏഴ് കോടി രൂപ ചെലവഴിച്ചാണ് വര്‍ക്കല സര്‍ക്കാര്‍ യോഗ പ്രകൃതി ചികിത്സ ആശുപത്രിയില്‍ പുതിയ പേ വാര്‍ഡ് മന്ദിരം നിര്‍മിച്ചത്. 24,000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 20 പേ വാര്‍ഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായുള്ള പ്രത്യേക വാര്‍ഡുകള്‍, ട്രീറ്റ്മെന്റ് റൂം, ഡോക്ടര്‍- നഴ്സിംഗ് റൂമുകള്‍, വിശ്രമമുറി, ജനറേറ്റര്‍ റൂം, പവര്‍ റൂം, ഡൈനിങ് ഹാള്‍, ലിഫ്റ്റ് തുടങ്ങിയവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് ചികിത്സയ്ക്കായി ഇവിടെയെത്തുന്നത്. സംസ്ഥാനത്തെ തന്നെ ആദ്യ സര്‍ക്കാര്‍ യോഗ പ്രകൃതി ചികിത്സ ആശുപത്രിയെന്ന പ്രത്യേകതയും ഇതിനുണ്ട്. നിലവില്‍ ആഹാര ക്രമീകരണം, യോഗാഭ്യാസം വിവിധ ജല ചികിത്സകള്‍, മണ്ണ് ചികിത്സ, പ്രണായാമം, അക്യുപങ്ചര്‍ തുടങ്ങി വിവിധ ചികിത്സാ രീതികള്‍ ഇവിടെ നടന്നു വരുന്നു.
വി ജോയി എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്മാന് കെ. എം. ലാജി, വൈസ് ചെയര്‍പേഴ്സണ്‍ കുമാരി സുദര്‍ശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി. അജയകുമാര്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. എസ്. പ്രിയ, ആയുഷ്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.