പത്തനംതിട്ട: ഊന്നുകല്‍ വടക്കേക്കര വീട്ടില്‍ 66 വയസുള്ള അമ്മിണി ജപ്തിഭീതിയില്‍ വീടുവിട്ട് ഇറങ്ങേണ്ടിവരും എന്ന ഭീയിയോടെയാണ് സാന്ത്വന സ്പര്‍ശം അദാലത്തില്‍ പങ്കെടുക്കാനായി എത്തിയത്. തന്റെ സങ്കടങ്ങളും നിസഹായവസ്ഥയും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ അറിയിച്ചു. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതിനൊപ്പം പലിശയും പിഴപലിശയും ഒഴിവാക്കുവാനും അദാലത്തില്‍ തീരുമാനമായി.

ജില്ലാ ബാങ്കിന്റെ ഇലവുംതിട്ട ശാഖയില്‍ നിന്നും അഞ്ച് ലക്ഷംരൂപയാണ് വായ്പയായി എടുത്തത്. രണ്ടര വര്‍ഷമായി തുക അടയ്ക്കാത്തതിനാല്‍ പലിശയും കൂട്ടുപലിശയും ആയി അവസാനം ജപ്തി നടപടികളിലേക്ക് ബാങ്ക് നീങ്ങിയ സമയത്താണ് അമ്മിണി സാന്ത്വന സ്പര്‍ശം അദാലത്തിന് എത്തിയത്. പലിശയും പിഴ പലിശയും റിസ്‌ക്ക് ഫണ്ടായ ഒന്നര ലക്ഷം രൂപയും ഒഴിവാക്കി. ബാക്കി വരുന്ന മൂന്നു ലക്ഷം രൂപ ഇനി അമ്മിണി അടച്ചാല്‍ മതിയാകും.