പത്തനംതിട്ട: വികസന കേരളം സംതൃപ്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള ശ്രമമാണ് സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലൂടെ സാധ്യമാകുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് എച്ച്.എസ്.എസില്‍ പത്തനംതിട്ട ജില്ലയിലെ രണ്ടാം ദിന സാന്ത്വന സ്പര്‍ശം പരാതി പരിഹാ അദാലത്ത് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി എ.കെ ശശീന്ദ്രന്‍.

സാധാരണക്കാരുടെ ജനജീവിതവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സംഘടിപ്പിച്ചതാണ് സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത്. പ്രതിസന്ധികള്‍ ഏറെയുണ്ടായ കാലഘട്ടത്തില്‍ പാവപ്പെട്ടവനെ മനസ്സില്‍ കണ്ടുകൊണ്ട് സഹായഹസ്തങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കു ചില പ്രശ്നങ്ങള്‍ ഇനിയും ബാക്കിയുണ്ട് എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. വര്‍ഷങ്ങളായി പല സര്‍ക്കാര്‍ ഓഫീസുകളിലും കയറി ഇറങ്ങിയിട്ടും പരിഹാരം കാണാതെ ബാക്കിയുള്ള പ്രശ്നങ്ങള്‍, ചികിത്സാ സഹായങ്ങള്‍ എന്നിവയ്ക്കായി ജനങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെന്നു സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ട്.അതിന്റെ ഭാഗമായാണ് സാന്ത്വനം സ്പര്‍ശം അദാലത്ത് നടത്തുന്നത്.
ജനങ്ങളോടൊപ്പം നില്‍ക്കുക, പാവപ്പെട്ടവരുടെ കണ്ണീരൊപ്പുക, പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ അവരോടൊപ്പം ചേര്‍ന്നുനിന്ന് അവരുടെ ജീവിത പ്രാരാബ്ധങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, മറുവശത്ത് നാടിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ചുകൊണ്ട് അടിസ്ഥാന സൗകര്യ മേഖലയിലും ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും വമ്പിച്ച മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചു. ഈ ലക്ഷ്യങ്ങളെല്ലാം പൂര്‍ണമായിത്തന്നെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ചാരിതാര്‍ഥ്യമാണുള്ളത്. സമാനതകള്‍ ഇല്ലാത്ത ഈ മാറ്റത്തിനു ജനങ്ങളാണു സര്‍ക്കാരിനൊപ്പം നിന്നത്. ആ ജനങ്ങളുടെ പ്രശ്നത്തിനു പരിഹാരം കാണുന്നതിനു പുതിയ പരിചയമുഖം അദാലത്ത് വേദിയില്‍ കാണും. പരാതികള്‍ സമര്‍പ്പിച്ചവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ പരിപാടിയില്‍ സഹകരിക്കണം. അവസാനത്തെ അപേക്ഷകന്റെയും പരാതി കേട്ടതിനുശേഷമേ മന്ത്രിമാര്‍ വേദിയില്‍ നിന്നും പോകുകയുള്ളൂ. ചുമതലപ്പെട്ടവര്‍ നിര്‍ദേശിക്കുന്ന നടപടിക്രമങ്ങള്‍ പാലച്ചുകൊണ്ട് ഈ പരിപാടി വിജയമാക്കി മാറ്റാന്‍ സാധിക്കും. താന്‍ പങ്കെടുത്ത അദാലത്തുകളിലെല്ലാം ആളുകര്‍ സംതൃപ്തരാണെന്ന് മന്ത്രി പറഞ്ഞു. അവിടെ പരാതിയുമാെയത്തിയവരുടെ പരാതികള്‍ കേട്ട് അവരുടെയെല്ലാം വേദനകള്‍ മനസിലാക്കി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു.

മനുഷ്യസഹജമായി ചെയ്യാന്‍ കഴിയുന്ന എല്ലാ പരാതികള്‍ക്കും പരിഹാരം കാണും. ഉന്നതതല നിഗമനങ്ങള്‍ എത്തിച്ചേരേണ്ടതുണ്ടെങ്കില്‍ അടിയന്തരമായി തീര്‍പ്പാക്കാനുള്ള നിര്‍ദേശം നല്‍കും. സാമൂഹിക പ്രശ്നങ്ങളുണ്ടെങ്കില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാനാവശ്യമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ആന്റോ ആന്റണി എം.പി, അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ, ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറി പി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, എഡിഎം ഇ. മുഹമ്മദ് സഫീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.