എറണാകുളം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ഇന്ന് തിരിതെളിയും . സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ മേളയുടെ ഉദ്ഘാടന കർമ്മം വൈകുന്നേരം ആറുമണിക്ക് ഓൺലൈനായി നിർവഹിക്കും. കൊച്ചിയിലെ പ്രധാന വേദിയായ സരിത തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പി കെ വിനോദ് എംഎൽഎ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ പി.ടി തോമസ്, എം.സ്വരാജ്, കെ.ജെ മാക്സി, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും. മേയര്‍ എം.അനില്‍കുമാര്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിനിന്‍െറ പ്രകാശനകര്‍മ്മം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും.
ഐ എഫ് എഫ് കെ പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിയിച്ചു കൊണ്ടാണ് മേളയ്ക്ക് തുടക്കം കുറിക്കുന്നത്. സംവിധായകൻ കെ ജി ജോർജിന്റെ നേതൃത്വത്തിൽ മലയാളചലച്ചിത്രരംഗത്തെ 24 പ്രമുഖ വ്യക്തികൾ ചേർനാണ് തിരിതെളിക്കുന്നത് . ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീന പോൾ, സെക്രട്ടറി സി അജോയ് ചലച്ചിത്രസംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
മേളയുടെ ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക്ക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം ക്വോ വാഡിസ്, ഐഡ? പ്രദർശിപ്പിക്കും. ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ ആവിഷ്കരിക്കുന്ന ചിത്രം മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെർമൽ സ്കാനിങ് ഉൾപ്പെടെ കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചാണ് ഉദ്ഘാടന ചടങ്ങ് നടത്തുന്നത്.