ആലപ്പുഴ: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സാധിച്ചെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തണ്ണീര്‍മുക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചു നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനും ലോക നിലവാരത്തിലേക്ക് അവരെ കൈപിടിച്ചുയര്‍ത്താനും വിദ്യാഭ്യാസം അനിവാര്യമാണ്. വിദ്യാഭ്യാസ മേഖലക്കായി വലിയ നിക്ഷേപമാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. അടുത്ത ഘട്ടത്തില്‍ എയ്ഡഡ് മേഖല കൂടി മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. തണ്ണീര്‍മുക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഫണ്ട് ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ.എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം പി.എസ് ഷാജി, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി. പണിക്കര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി ലെനിന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. സുരേഷ് കുമാര്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ബിജു, യു.എസ് സജീവ്, ബി.ആര്‍.സി. കോഡിനേറ്റര്‍ ഷാജി മഞ്ജരി, പി.ടി.എ പ്രസിഡന്റ് സി.വി. വിനു, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കെ.പി സുനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ പി. ജയലാല്‍, ജനപ്രതിനിധികള്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.