കൊല്ലം: അത്യാധുനിക സൗകര്യങ്ങളോടെ പത്തനാപുരം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഇനിമുതല്‍ പീപ്പിള്‍സ് ബസാര്‍. നവീകരിച്ച വിതരണ ശാലയുടെ ഉദ്ഘാടനം ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
പൊതുവിതരണ രംഗത്ത് സമാനതകളില്ലാത്ത വികസനം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു.
കേരളത്തിലെ പൊതുവിതരണ ശൃംഖല രാജ്യത്തിനുതന്നെ മാതൃകയാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 14 ഉല്‍പ്പന്നങ്ങളുടെ സബ്‌സിഡി വില വര്‍ധിപ്പിക്കില്ലെന്ന് വാഗ്ദാനം നല്‍കിയിരുന്നു. നൂറുശതമാനവും വാഗ്ദാനം പാലിക്കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞു.
സംസ്ഥാനത്തെ കമ്പോളങ്ങളില്‍ ഇടപെട്ട് അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനായി. ഗുണഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് നിത്യോപയോഗ സാധനങ്ങളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ആദ്യപടി എന്ന നിലയില്‍ ഗൃഹോപകരണങ്ങളുടെ വില്‍പ്പനശാല ആരംഭിക്കുന്നതിന് പൊതുവിതരണ വകുപ്പിനു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.