മലപ്പുറം: ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന വിജയാമൃതം അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ വിതരണം ചെയതു. ജില്ലയില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍  പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ജില്ലാപഞ്ചായത്ത് നടപ്പിലാക്കുമെന്ന് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി അധ്യക്ഷനായി. കെ.എം  മണീഷ് കൃഷ്ണന്‍, കെ.ടി ഫാത്തിമത്ത് മുബാഷിറ, ഇ.കെ മണ്‍സൂര്‍ അലി, ഒ.പി മുര്‍ഷിദ്, അബ്ദുള്ള മുഹമ്മദ് അന്‍വര്‍ എന്നിവരാണ് വിജയാമൃതം അവാര്‍ഡ് കരസ്ഥമാക്കിയവര്‍.
ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് നടത്തിയ ഓണ്‍ലൈന്‍ മത്സരങ്ങളില്‍  വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.  വിജയഭേരി കോ-ഓര്‍ഡിനേറ്റര്‍ ടി. സലീം, സാമൂഹ്യസുരക്ഷാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.ടി.നൗഫ  എന്നിവര്‍ സംബന്ധിച്ചു.