പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവ് നിരീക്ഷിക്കുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് ഉറപ്പുവരുത്തുന്നതിനും ജില്ലയില് 12 നിയോജക മണ്ഡലങ്ങളിലായി മൂന്നു പേര് വീതമുള്ള 36 സ്റ്റാറ്റിക് സര്വെയ്ലന്സ് ടീമുകളെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര് ഉത്തരവിട്ടു. തൃത്താല, പട്ടാമ്പി മണ്ഡലങ്ങളിലെ ആറ് സ്‌ക്വാഡുകള്ക്കായി പട്ടാമ്പി തഹസില്ദാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി നിയോഗിച്ചിട്ടുണ്ട്.
ഒറ്റപ്പാലം തഹസില്ദാര്ക്കാണ് ഷൊര്ണൂര്, ഒറ്റപ്പാലം നിയോജക മണ്ഡലങ്ങളുടെ ചുമതല. പട്ടാമ്പി സ്‌പെഷ്യല് തഹസില്ദാര്ക്കാണ് കോങ്ങാട് മണ്ഡലത്തിന്റെ ചുമതല. മണ്ണാര്ക്കാട് തഹസില്ദാര്ക്ക് മണ്ണാര്ക്കാട് നിയോജക മണ്ഡലത്തിന്റെയും പവര്ഗ്രിഡ് സ്‌പെഷ്യല് തഹസില്ദാര്ക്ക് മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളുടെയും ആലത്തൂര് താഹസീല്ദാര്ക്ക് തരൂര്, ആലത്തൂര് മണ്ഡലത്തിന്റെയും ചിറ്റൂര്, നെന്മാറ നിയോജകമണ്ഡലങ്ങള്ക്കായി ചിറ്റൂര് തഹസില്ദാര്ക്കും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായി ചുമതല നല്കി.
വീഡിയോ സര്വെയ്ലന്സ് ടീമിനെ നിയോഗിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരവുചെലവുകള് നിരീക്ഷിക്കുന്നതിനായി 12 നിയോജകമണ്ഡലങ്ങളിലുമായി 12 വീഡിയോ സര്വെയ്ലന്സ് ടീമിനെ നിയോഗിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര് ഉത്തരവിട്ടു.
നിയമസഭ തിരഞ്ഞെടുപ്പ്: ഫ്‌ളൈയിങ് സ്‌ക്വാഡ് രൂപീകരിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു ചെലവുകളുടെ നിരീക്ഷണത്തിനായി ജില്ലയില് ഫ്‌ളൈയിങ് സ്‌ക്വാഡ് രൂപീകരിച്ചു. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് സ്‌ക്വാഡുകള് വീതം ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി 36 സ്‌ക്വാഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ നിയോജക മണ്ഡലങ്ങളിലും മൂന്നു വീതം അംഗങ്ങളാണ് ഉണ്ടാവുക. പണമോ മറ്റ് പാരിതോഷികങ്ങളോ കൈകൂലിയോ നല്കിയും മറ്റ് ഏതെങ്കിലും രീതിയില് വോട്ടര്മാരെ സ്വാധീനിക്കുകയോ ചെയ്താല് ഫ്‌ളൈയിങ് സ്‌ക്വാഡ് നടപടിയെടുക്കുന്നതാണ്.