വിദ്യാഭ്യാസ രംഗത്ത് പുത്തനുണര്‍വ്വ് സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷനിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മേപ്പാടി ഗവ. പോളി ടെക്‌നിക്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 1.5 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ വര്‍ദ്ധിച്ചത്. ഈ വര്‍ഷവും വര്‍ധനവ് തന്നെയാണ് കാണിക്കുന്നത്. സാധാരണക്കാരുടെ അത്താണിയായ ഇത്തരം വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. മികവുറ്റ വിദ്യാഭ്യാസം തലമുറകളുടെ ലക്ഷ്യമാണ്. ഇക്കാര്യത്തില്‍ സൗകര്യങ്ങള്‍ എത്തിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയും സാങ്കേതിക വിദ്യാഭ്യാസ മേഖലയും മെച്ചപ്പെടുത്താനുളള നടപടികളും സ്വീകരിച്ചു വരികയാണ്. സംസ്ഥാനത്ത് ഒന്നും നടക്കില്ല എന്ന അവസ്ഥക്ക് മാറ്റം വരുത്താന്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, ജില്ലാ കളക്ടര്‍ എസ്.സുഹാസ്,പൊതുമരാമത്ത് എക്‌സി.എഞ്ചിനിയര്‍ മുഹമ്മദ് ഇഷാക്ക് , പി.ഗഗാറിന്‍,കെ.വിനോദ്,പി.എ മുഹമ്മദ് ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.