മലപ്പുറം: ഭാഷയിലും സാഹിത്യത്തിലും കലാസാംസ്കാരിക രംഗങ്ങളിലും മഹത്തായ സംഭാവനകള്‍ നല്കിയ മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിപ്പാട്, ഡോ. സ്കറിയ സക്കറിയ, സി. രാധാകൃഷ്ണന്, വി.എം. കുട്ടി എന്നീ നാല് വിശിഷ്ട വ്യക്തികള്‍ക്ക് ഡി-ലിറ്റ് പുരസ്കാരങ്ങള്‍ മലയാളസര്‍വകലാശാലയിലെ ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് (മാര്‍ച്ച് മൂന്ന്) വിതരണം ചെയ്യും.
സര്‍വകലാശാലയുടെ പ്രഥമ ഡി-ലിറ്റ് ബിരുദമാണ് ഗവര്‍ണര്‍ രാവിലെ 11.30ന് ക്ഷണിക്കപ്പെട്ട സദസില്‍ നല്‍കുന്നത്. നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ സി. രാധാകൃഷ്ണന്, ഭാഷാപണ്ഡിതനും ഗവേഷകനുമായ പ്രൊഫ. സ്കറിയ സക്കറിയ, മാപ്പിളപ്പാട്ട് കലാകാരനും ഗവേഷകനും എഴുത്തുകാരനുമായ വി.എം. കുട്ടി എന്നിവര്‍ക്കാണ് അക്കിത്തത്തിന് പുറമെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം (ഡി. ലിറ്റ്) സമ്മാനിക്കുന്നത്. അക്കിത്തം അച്യുതന് നമ്പൂതിരിക്ക് മരണാനന്തര ബഹുമതിയായിട്ടാണ് ബിരുദം സമര്‍പ്പിക്കുന്നത്.
മലയാളസര്‍വകലാശാലയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, നിര്‍വാഹകസമിതി അംഗം കെ.പി. രാമനുണ്ണി, രജിസ്ട്രാര്‍ ഡോ. ഡി.ഷൈജന്‍, പരീക്ഷാ കണ്ട്രോളര് ഡോ. പി.എം. റെജിമോന് എന്നിവരും ഡിലിറ്റ് ബിരുദത്തിനും അര്‍ഹരായവരും വേദി പങ്കിടും.