കാസര്‍ഗോഡ്: ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയാരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ഇ. മോഹനൻ നിർവഹിച്ചു. ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാമൻ സ്വാതി വാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിലെ (ആരോഗ്യം) ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.നിർമൽ ദിനാചരണ സന്ദേശം നൽകി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ.വി സംസാരിച്ചു .
എഡ്യൂക്കേഷൻ മീഡിയ ഓഫീസർ (ആരോഗ്യം) അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ ലീന എസ് നന്ദിയും പറഞ്ഞു. തുടർന്ന് ജില്ലയിലെ ആശാപ്രവർത്തവർക്ക് വേണ്ടി നടത്തിയ ബോധവൽക്കരണ സെമിനാറിൽ നീലേശ്വരം താലൂക്ക് ആശുപത്രി ഒപ്റ്റോമെട്രിസ്റ്റ് അജീഷ് കുമാർ കെ ക്ലാസെടുത്തു. പാനൽ ചർച്ചയിൽ മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് സിന്ധു സി, ചെർക്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് ശശികല കെ.എസ്, ഡിസ്ട്രിക്ട് ഏർലി ഇന്റെർവെൻഷൻ സെന്റർ ഒപ്റ്റോമെട്രിസ്റ്റ് സിനി പി.വി എന്നിവർ നേത്രാരോഗ്യ സംബന്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഉദ്ഘാടനത്തോടനുബന്ധിച്ചു നേത്രരോഗ ബോധവൽക്കരണ പ്രദർശനവും നടത്തി.
ചടങ്ങിനോടനുബന്ധിച്ചു ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം എന്നിവർ ചേർന്നു തയ്യാറാക്കിയ ‘ഗ്ലോക്കോമയെക്കുറിച്ച് അറിയേണ്ടതെല്ലാം’ ബോധവൽക്കരണ വീഡിയോ പ്രകാശനം ചെയ്തു. വീഡിയോ ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) ഔദ്യോഗിക യൂട്യൂബ് ചാനലായ ‘ആരോഗ്യ വകുപ്പ് കാസറഗോഡ്’ എന്ന ചാനലിൽ ലഭ്യമാണ്
കോവിഡ് -19 മായി ബന്ധപ്പെട്ട് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു .ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ അന്ധതാ നിവാരണ സമിതി,കാസറഗോഡ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
‘ലോകം വളരെ പ്രകാശപൂരിതമാണ് അത് കാണുക എന്നത് സഭാഗ്യമാണ്. അത് കാണാതിരിക്കുന്ന രീതിയിൽ നമ്മുടെ കാഴ്ച നശിച്ചു പോകാതിരിക്കട്ടെ’ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ഈ സന്ദേശത്തെ ആസ്പദമാക്കി ഒരാഴ്ചക്കാലം ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി. രാംദാസ് അറിയിച്ചു.