ആദിവാസി ജനവിഭാഗങ്ങളില്‍   പിന്നാക്കം നില്‍ക്കുന്ന പണിയവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് ജില്ലയില്‍ ഇലക്ട്രിക് ശ്മശാനം നിര്‍മിക്കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ ക്ഷേമ ഉപസമിതി.പനമരം കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ ഉപസമിതി സിറ്റിങില്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ അടുക്കളയിലും വീടിനോട് ചേര്‍ന്നും മൃതദേഹം മറവുചെയ്യേണ്ട ദുരവസ്ഥ ആദിവാസികള്‍ വിവരിച്ചതിനെ തുടര്‍ന്നാണ് നടപടി. നിയമസഭ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പണിയ സമുദായക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച ഉപസമിതിയുടെ ആദ്യ സിറ്റിങായിരുന്നു പനമരത്തേത്. ഒ.ആര്‍ കേളു എംഎല്‍എ ചെയര്‍മാനായ ഉപസമിതി സംഘത്തില്‍  സമിതി അംഗം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും ഉണ്ടായിരുന്നു. പണിയ വിഭാഗക്കാര്‍ ചെയ്യുന്ന ജോലിക്ക് കൂലിയായി മദ്യം നല്‍കുന്ന പ്രവണതക്ക് മാറ്റമുണ്ടാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നു ഉപസമിതി നിര്‍ദേശിച്ചു. പണിയവിഭാഗം കുട്ടികളില്‍ കണ്ടുവരുന്ന മദ്യപാനാസക്തിക്കെതിരേ ആരോഗ്യവകുപ്പും എക്‌സൈസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കോളനികള്‍ കേന്ദ്രീകരിച്ച് ബൃഹദ് പദ്ധതി തയ്യാറാക്കാന്‍ സമിതി നിര്‍ദ്ദേശിച്ചു.
കോളനിയിലെ പ്രതികൂല സാഹചര്യം കാരണം പഠിക്കാന്‍ കഴിവുണ്ടായിട്ടും കുട്ടികള്‍ സ്‌കൂളില്‍ പോവുന്നില്ലെന്നും സമിതി വിലയിരുത്തി. വീട്ടുകാരെ സഹായിക്കാന്‍ കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെടുന്നതായും പരാതിയുയര്‍ന്നു. വീടുകളുടെ ശോചനീയാവസ്ഥയും ജോലി സംബന്ധമായ പ്രശ്‌നങ്ങളും പണിയവിഭാഗം നേതാക്കള്‍ സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു. പണിയ വിഭാഗത്തില്‍ നിന്ന് പത്താംതരം വരെ പഠിച്ചവര്‍ പോലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും സമിതിക്ക് മുമ്പാകെ വന്നു. വനത്തില്‍ താമസിക്കുന്നവരുടെ ഭൂമിക്ക് മതിയായ രേഖകളില്ലെന്നായിരുന്നു മറ്റൊരു പരാതി. സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന കാര്‍ഡുകളാണ് ഈ വിഭാഗത്തിനു നല്‍കിയതെന്നു സപ്ലൈ ഓഫിസര്‍ ഉപസമിതിയെ അറിയിച്ചു. വീട് നിര്‍മാണത്തില്‍ ഇടനിലക്കാര്‍ ഗുണഭോക്താക്കളെ മദ്യം നല്‍കി ചൂഷണം ചെയ്യുന്നെന്ന പരാതിയില്‍ സമിതി ബന്ധപ്പെട്ടവരോട് വിവരങ്ങള്‍ ആരാഞ്ഞു. ഇനി നടക്കുന്ന ഭവനനിര്‍മാണങ്ങളില്‍ ഇടനിലക്കാരെ ഒഴിവാക്കി വീടുനിര്‍മാണം പൂര്‍ത്തീകരിക്കുമെന്നു ഡി.ഡി.പി പറഞ്ഞു.പണിയവിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കു മാത്രമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വേണമെന്നു സിറ്റിങില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ശൈശവ വിവാഹത്തിനെതിരേ ബോധവല്‍ക്കരണം നടത്തും. ആചാരത്തിന്റെ ഭാഗമായ ശൈശവ വിവാഹം നടത്തുന്ന യുവാക്കളെ പോക്‌സോ കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടയ്ക്കുകയാണ്. ഇതു ശരിയല്ലെന്നു ഉപസമിതി അഭിപ്രായപ്പെട്ടു. ഇന്നു തിരുനെല്ലിയിലാണ് ഉപസമിതിയുടെ കോളനിസന്ദര്‍ശനം. ഇവിടുത്തെ ജീവിതസാഹചര്യം കൂടി മനസ്സിലാക്കി പണിയ വിഭാഗത്തിന് ഏറെ ഗുണം ചെയ്യുന്ന വിശദമായ റിപോര്‍ട്ട് സര്‍ക്കാരിന് നല്‍കും. ജൂണ്‍മാസം തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ റിപോര്‍ട്ട് ചര്‍ച്ച ചെയ്യും. അതനുസരിച്ചുള്ള തുടര്‍നടപടികളാവും ഉണ്ടാവുകയെന്നു ചെയര്‍മാന്‍ ഒ ആര്‍ കേളു എംഎല്‍എ, അംഗം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ എന്നിവര്‍ അറിയിച്ചു. സി കെ ശശീന്ദ്രന്‍ എംഎല്‍എ, നിയമസഭാ ജോയിന്റ് സെക്രട്ടറി സജീവന്‍, എ.ഡി.എം കെ എം രാജു, ഐടിഡിപി പ്രോജക്ട് ഓഫിസര്‍ വാണീദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആദിവാസി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സിറ്റിങില്‍ പങ്കെടുത്തു.
ഉപസമിതി പനമരം പഞ്ചായത്തിലെ പരക്കുനി കോളനി സന്ദര്‍ശിച്ചു. കോളനിവാസികള്‍ തങ്ങളുടെ ദുരിതങ്ങള്‍ ഉപസമിതി മുമ്പാകെ വിവരിച്ചു. പനമരം പുഴയോട് ചേര്‍ന്ന കോളനിയില്‍ മഴക്കാലത്ത് വെള്ളം കയറുമെന്നും ഇതു ദുരിതം ഇരട്ടിപ്പിക്കുന്നുവെന്നും അവര്‍ പരാതിപ്പെട്ടു. പുഴയോരം ഇടിയുന്നതാണ് മറ്റൊരു പ്രശ്‌നം. വീടില്ലാത്തവര്‍ക്ക് ഏതെങ്കിലും ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി വീട് നിര്‍മിച്ചു നല്‍കണമെന്നു സമിതി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.