കൊല്ലം:‘കരുതലോടെ കൊല്ലം’ ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയും മുന്‍കരുതലുകള്‍ ഊര്‍ജിതമാക്കിയും കോവിഡ് മുക്ത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസ്. മെഡിക്കല്‍ ഓഫീസര്‍മാരുടേയും മറ്റ് ഉദ്യോഗസ്ഥരുടെയും പരിശീലന പരിപാടികള്‍ പൂര്‍ത്തിയായി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. രോഗവ്യാപനം തടയുന്നതിനായി ബൂത്ത്തലം വരെ പ്രതിരോധ പ്രചാരണോപാധികള്‍ നല്‍കും. തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വ്യാപന പ്രതിരോധ പരിശീലനം വിവിധ തലങ്ങളില്‍ നടത്തും. ഇവര്‍ക്കുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് വിവിധ കേന്ദ്രങ്ങളില്‍ നടത്തി. ബൂത്തുകളില്‍ നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുന്നതടക്കം എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
