ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ആവേശത്തോടെ പങ്കാളികളാകാനും പോളിംഗ് ബൂത്തിലും പുറത്തും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി വോട്ടർ ബോധവൽക്കരണ പരിപാടിയായ ജില്ലാ സ്വീപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ ബാലറ്റ് വണ്ടി സഞ്ചാരം തുടങ്ങി. ജില്ലാകലക്ടര്‍ എ. അലക്സാണ്ടർ ബാലറ്റ് വണ്ടിയുടെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പോളിംഗ് ബൂത്തിൽ എത്തുമ്പോഴും തിരികെ പോകുമ്പോഴും കോവിഡ് മാനദണ്ഡങ്ങൾ പരമാവധി പാലിക്കണമെന്ന സന്ദേശമാണ് ബാലറ്റ് വണ്ടി വഴി ജനങ്ങളില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

സുതാര്യവും നീതിപൂർവ്വവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ അനുവദിച്ച ആധുനിക എം. ത്രീ വോട്ടിങ് യന്ത്രങ്ങളുടെ ലൈവ് ഡെമോ യും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാവരുടെയും വോട്ട് വിലപ്പെട്ടതാണെന്നും ഒരാൾപോലും മാറ്റിനിർത്തപ്പെടരുതെന്ന സന്ദേശം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എത്തിക്കുക എന്നതാണ് ബാലറ്റ് വണ്ടിയുടെ ദൗത്യം . സ്വീപ്പിന്റെ സേവ് ദ ഡേറ്റ് ക്യാമ്പയിനും ഇതോടൊപ്പം തുടരുന്നുണ്ട്. ഇത്തവണ കോവിഡ് പോസിറ്റീവ് ആയവര്‍ക്കും 80 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും വോട്ടർപട്ടികയിൽ ശാരീരിക വെല്ലുവിളി നേരിടുന്നു എന്ന് രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവരെ പരമാവധി വോട്ട് ചെയ്യുന്നതിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണവും ബാലറ്റ് വണ്ടി യില്‍ സംഘടിപ്പിച്ചിട്ടുണ്ട്. എം.ത്രീ വോട്ടിങ് മെഷീനുകളുടെ ലൈവ് ഡെമോ കാണാനും വോട്ട് ചെയ്ത നോക്കാനും വോട്ടുവണ്ടിയില്‍ അവസരമുണ്ട്. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളകട്രര്‍ ജെ.മോബി, സ്വീപ് നോഡല്‍ ഓഫീസറും ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുമായ വി. പ്രദീപ് കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.അരുണ്‍ കുമാര്‍, തിരഞ്ഞെടുപ്പുുമായി ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.കളക്ട്രേററിന് മുന്നില്‍ നിന്നാണ് ബാലറ്റ് വണ്ടി പര്യടനം തുടങ്ങിയത്. എല്ലാ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും.