ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പാക്കാനൊരുങ്ങുന്ന മത്സ്യബന്ധന നയം പരമ്പരാഗത തൊഴിലാളി കേന്ദ്രീകൃതമാകണമെന്നു ഫിഷറീസ് – ഹാര്‍ബര്‍ എന്‍ജിനീയറിംഗ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പരമ്പരാഗത മത്സ്യബന്ധന മേഖലയുടെ ശാക്തീകരണം ലക്ഷ്യംവച്ചാകണം നയം നടപ്പാക്കേണ്ടതെന്നും കൃഷി മന്ത്രാലയത്തില്‍ ചേര്‍ന്ന ഫിഷറീസ് മന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
സ്വകാര്യ – പൊതുമേഖലാ പങ്കാളിത്തത്തോടെ (പിപിപി) കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നയത്തില്‍ കേരളത്തിനുള്ള ആശങ്ക യോഗത്തില്‍ അറിയിച്ചതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉതകുന്ന വിധത്തിലുള്ള ഉപകരണങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കണം. ഇവയില്‍ പരിശീലനം നല്‍കാനും നടപടിയുണ്ടാകണം. സിഎംഎഫ്ആര്‍ഐ ആക്ടില്‍ ഭേദഗതി വരുത്തി മത്സ്യബന്ധന രംഗത്തെ സുരക്ഷ കേരളം ശക്തിപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ച് ഒരു ഏകീകൃത മത്സ്യബന്ധന നയം രൂപീകരിക്കാനും ഇതുവഴി മത്സ്യത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും കഴിയുമെന്നു കേരളം നിര്‍ദേശം വച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കാനിരിക്കെയാണു കേന്ദ്ര സര്‍ക്കാര്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിച്ചതെന്നും മന്ത്രി പറഞ്ഞു.