ന്യൂഡല്‍ഹി : സംസ്ഥാനത്തെ ഫിഷറീസ്, കശുവണ്ടി വ്യവസായ മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനു സഹായം നല്‍കുമെന്നു യുഎന്നിന്റെ ഉറപ്പ്. ഈ മേഖലയിലെ വനിതാ ശാക്തീകരണത്തിനു സഹായം തേടി ഫിഷറീസ് – ഹാര്‍ബര്‍ എന്‍ജിനീയറിംഗ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ യുഎന്‍ ഏജന്‍സികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ്. യുഎന്‍ സഹായത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പദ്ധതിയുടെ രൂപരേഖ യുഎന്‍ വിമന്‍, യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനേസേഷന്‍(യുനിഡോ) എന്നിവയ്ക്കു മന്ത്രി കൈമാറി.
കശുവണ്ടി വ്യവസായത്തിനു പ്രാധാന്യമുള്ള രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ആഗോള മൂല്യ ശൃംഘല രൂപപ്പെടുത്തിയെടുക്കുകയെന്നതാണു പദ്ധതി രേഖയിലെ പ്രധാന നിര്‍ദേശം. ടാന്‍സാനിയയിലെ കശുവണ്ടി വ്യവസായ മേഖലയ്ക്ക് 2011ല്‍ 24 കോടി രൂപ യുനിഡോ സഹായം നല്‍കിയിരുന്നു. ഈ മാതൃകയില്‍ കേരളത്തിലെ കശുവണ്ടി വ്യവസായ മേഖലയ്ക്കും സഹായം നല്‍കണം. ഇതിനു പുറമേ യുനിഡോ സഹായത്തോടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു ഗുണനിലവാരമുള്ള തോട്ടണ്ടി ഇറക്കുമതി, രാജ്യാന്തര വിപണി ലഭ്യത ഉറപ്പുവരുത്തല്‍, ഉയര്‍ന്ന ആദായം നല്‍കുന്ന കശുമാവ് കൃഷി സംബന്ധിച്ച സാങ്കേതികവിദ്യാ കൈമാറ്റം, യുനിഡോ വഴി സംസ്‌കരിച്ച തോട്ടണ്ടിയുടെ വിപണനം, വനിതാ സ്വയം സഹായ സംരംഭങ്ങള്‍ വഴി തോട്ടണ്ടി സംസ്‌കരണം, കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണം വഴി വനിതകളുടെ സാമ്പത്തിക ശാക്തീകരണം തുടങ്ങിയവയും കശുവണ്ടി മേഖലയുടെ വികസനത്തിനു തയാറാക്കിയ വിശദ പദ്ധതി രേഖയില്‍ പറയുന്നു.
യുഎന്‍ സഹകരണത്തോടെ വനിതകള്‍ക്കായി പുതിയ ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുറക്കുന്നതും നിലവിലുള്ള മത്സ്യ മാര്‍ക്കറ്റുകളുടെ ആധുനികീകരണവുമാണു ഫിഷറീസ് മേഖലയുടെ സമഗ്ര വികസനത്തിനുള്ള പ്രധാന പദ്ധതികള്‍. മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ വിപണനം, മത്സ്യ ഉപോല്‍പ്പനങ്ങളുടെ നിര്‍മാണം, മത്സ്യം വില്‍ക്കുന്ന വനിതകള്‍ക്കുള്ള ഗതാഗത സൗകര്യമൊരുക്കല്‍, മത്സ്യ അവശിഷ്ടങ്ങളുടെ ഉപയോഗപ്രദമായ സംസ്‌കരണം വഴി ഊര്‍ജോത്പാദനം സാധ്യമാക്കല്‍, മത്സ്യ മേഖലയില്‍ വനിതാ സ്വയം സഹായ സംഘങ്ങളുടെ രൂപീകരണം തുടങ്ങിയവയാണു റിപ്പോര്‍ട്ടിലെ മറ്റു പ്രധാന പദ്ധതികള്‍.
മത്സ്യ, കശുവണ്ടി വ്യവസായ മേഖലയിലെ യുഎന്‍ സഹായം തേടി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഏപ്രിലില്‍ യുഎന്‍ ആസ്ഥാനത്തു സന്ദര്‍ശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തിനിടെ യുഎന്‍ വിമന്‍ ആസ്ഥാനത്തും സന്ദര്‍ശനം നടത്തിയിരുന്നു. കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയില്‍ യുഎന്‍ വിമന്‍ പ്രതിനിധികള്‍ വലിയ താത്പര്യം കാണിച്ചതായും യുഎന്‍ വിമനിന്റെ ഇന്ത്യയിലെ ഘടകവുമായി സഹകരിച്ച് ഇതിന്റെ തുടര്‍ നടപടികള്‍ സാധ്യമാക്കുമെന്ന് ഉറപ്പു ലഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ന്യൂഡല്‍ഹിയിലെ യുഎന്‍ വിമന്‍ ഓഫിസിലും വ്യവസായ വികസനം ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്ന യുനിഡോ മേഖലാ ഓഫിസിലും മന്ത്രി നേരിട്ടെത്തി ചര്‍ച്ച നടത്തിയത്. കേരളം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി മാതൃകാപരമാണെന്നും കഴിയാവുന്ന എല്ലാ സഹായവും നല്‍കുമെന്നും യുനിഡോ മേഖലാ ഓഫിസ് മേധാവി റെന്‍ വാന്‍ ബെര്‍ക്കല്‍ പറഞ്ഞു. മൂല്യ വര്‍ധിത ഉത്പന്ന മേഖലയിലും ഇവയുടെ വിപണനത്തിനും കേരളത്തിനു സഹായം നല്‍കാന്‍ യുഎന്നിനു കഴിയും. ടാന്‍സാനിയന്‍ മാതൃക ഇക്കാര്യത്തില്‍ അനുകരണീയമാണെന്നും കേരളത്തിലെ ഫിഷറീസ്, കശുവണ്ടി വ്യവസായ രംഗത്തെക്കുറിച്ചു നേരിട്ടു പഠിക്കുന്നതിന് ജൂണ്‍ മൂന്നാം വാരം യുഎന്‍ സംഘം എറണാകുളം, കൊല്ലം ജില്ലകളില്‍ സന്ദര്‍ശനം നടത്തുമെന്നും ബെര്‍ക്കല്‍ പറഞ്ഞു.
കേരളത്തിലെ കശുവണ്ടി വ്യവസായ മേഖലയിലെ വനിതാ ശാക്തീകരണം സംബന്ധിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ട് യുഎന്‍ വിമനിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നതും പ്രശംസനീയവുമാണെന്നു യുഎന്‍ വിമന്‍ മള്‍ട്ടി കണ്‍ട്രി ഓഫിസ് മേധാവി നിഷ സത്യന്‍ പറഞ്ഞു. യുനിഡോയുമായി സഹകരിച്ച കേരളത്തിലെ പദ്ധതിക്ക് ആവശ്യമായ സഹായം നല്‍കുമെന്നും കൂടിക്കാഴ്ചയില്‍ അവര്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഉറപ്പു നല്‍കി. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി റോയ് ടോം ലാലും കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.