സംസ്ഥാന പോലീസ് മേധാവിയായിരുന്ന അനിൽ കാന്തും മുൻ നിയമ സെക്രട്ടറിയായിരുന്ന പി കെ അരവിന്ദ ബാബുവും (റിട്ട. ജില്ലാ ജഡ്ജി) സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി അംഗങ്ങളായി ചുമതലയേറ്റു. 1988 ബാച്ചിലെ ഐപിഎസ് ഓഫീസറായ അനിൽകാന്ത് കൽപ്പറ്റ ASP ആയാണ് സേവനം ആരംഭിച്ചത്. തിരുവനന്തപുരം റൂറൽ, റെയിൽവേ, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിൽ എസ്പി ആയിരുന്ന അദ്ദേഹം സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും ഐജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിജിലൻസ് ആൻഡ് അന്റി കറപ്ഷൻ ബ്യൂറോ, പ്രിസൻസ് ആൻഡ് കറക്ഷണൽ സർവീസസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് എന്നിവിടങ്ങളിൽ മേധാവിയായും സേവനം അനുഷ്ഠിച്ചു. സംസ്ഥാന പോലീസ് മേധാവിയായി ചുമതല ഏൽക്കുന്നതിനു മുൻപ് റോഡ് സേഫ്റ്റി കമ്മീഷണറുടെ പദവിയും വഹിച്ചിട്ടുണ്ട്.
1992 ൽ മുൻസിഫ് മജിസ്ട്രേറ്റായി സർവീസിൽ പ്രവേശിച്ച പി കെ അരവിന്ദ ബാബു പാലക്കാട്, തൊടുപുഴ, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിൽ ജില്ലാസെഷൻസ് ജഡ്ജിയായി സേവനമനുഷ്ഠിച്ചു. ഹൈക്കോടതിയുടെ എഡിആർ സെന്റർ ഡയറക്ടർ, കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2021ൽ കേരള സർക്കാരിന്റെ നിയമ സെക്രട്ടറിയായി വിരമിച്ചു.
2022 മാർച്ച് മുതൽ 2025 മാർച്ച് വരെ സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി അംഗമായി പ്രവർത്തിച്ചു. പി കെ അരവിന്ദ ബാബുവിന് സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി അംഗമായി പുനർ നിയമനം ലഭിച്ചു. ജസ്റ്റിസ് വി കെ മോഹനനാണ് സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി ചെയർമാൻ.