കൊച്ചി: സാമൂഹ്യനീതി വകുപ്പിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണം, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം,  കാഴ്ചവൈകല്യമുള്ള വര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം എന്നിവ നടന്നു. ജനകീയം 2018 പ്രദര്‍ശന വിപണന മേളയില്‍ നടന്ന സഹായ ഉപകരണ വിതരണവും ഐഡി കാര്‍ഡ് വിതരണവും കിലാ ഫാക്കല്‍റ്റി എം.ജി. കാളിദാസന്‍ നിര്‍വഹിച്ചു.
രണ്ട് ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങളും 21 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ഐഡി കാര്‍ഡും കാഴ്ചവൈകല്യമുള്ള 22 പേര്‍ക്ക് സ്മാര്‍ട്ട് ഫോണും വിതരണം ചെയ്തു.
സാമൂഹിക സുരക്ഷ നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍  ഭിന്നശേഷിക്കാരെപ്പറ്റി എം.ജി. യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി വിഭാഗം മേധാവി ഡോ. അനിത സംസാരിച്ചു. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് വിതരണവും  ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക കോടതികളും അവരോടുള്ള  കരുതലാണെന്നും കഴിവുകളെ പരിപോഷിപ്പിച്ച് പരിമിതികളെയും ബുദ്ധിമുട്ടുകളെയും തരണം ചെയ്യുമ്പോഴാണ്  ജീവിതം വിജയിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച്  ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി ശ്രീക്കുട്ടി പാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അംഗീകാരം ലഭിച്ച് തുടങ്ങിയത്. മനുഷ്യരെപ്പോലെ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം അംഗീകരിക്കപ്പെട്ടു. സാക്ഷരതാ മിഷനില്‍ തുടര്‍ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കി. ചിത്രരചനാ ക്യാമ്പുകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് തുടങ്ങിയവ ആരംഭിച്ചത് തങ്ങളുടെ ഉന്നതിക്ക് കാരണമായെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വയോജനങ്ങളെപ്പറ്റി സീനിയര്‍ സിറ്റിസന്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധി പി.കെ. ഗോപാലകൃഷ്ണന്‍ സംസാരിച്ചു. സമൂഹത്തെ ഇന്നത്തെ നിലയിലേക്ക് മാറ്റിയവരാണ് വയോജനങ്ങള്‍. രാജ്യത്തിന്റെ നേര്‍ അവകാശികളാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. വീടുകളില്‍ ഇന്ന് സ്വസ്ഥമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കോര്‍പ്പറേഷനുകളില്‍ ആരംഭിച്ച വയോമിത്രം പ്രോജക്ട് ത്രിതല പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനം ശ്ലാഘനീയമാണ്. വയോജന പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതും പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തതും ആശ്വാസമാണെന്നും സെമിനാറില്‍ അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച്  സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം എം.പി. ആന്റണി സംവദിച്ചു. നല്ല ബാല്യമാണ് ലഭക്കുന്നതെങ്കില്‍ ശോഭനമായ ഭാവി ഉണ്ടാകും. ഒരു കോടിയിലധികം കുട്ടികളുള്ള സംസ്ഥാനമാണിത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള  പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ അവകാശം നിഷേധിക്കാന്‍ പാടില്ല. കുട്ടികളുടെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റികള്‍ സജീവമാക്കണമെന്നും വര്‍ഷത്തില്‍ 2 പ്രാവശ്യമെങ്കിലും കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് മുന്‍ വനിതാ കമ്മീഷന്‍ അംഗം ലിസി ജോസ് സംസാരിച്ചു. വനിതാ ദിനാചരണത്തില്‍ മാത്രം ഒതുങ്ങാതെ മറ്റ് സമയങ്ങളിലും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണം. ഓരോ വ്യക്തികളുടെയും മനോഭാവത്തില്‍ വ്യത്യാസം ഉണ്ടാകണം. അതു പോലെ പരിമിതികളെ അതിജീവിക്കുവാന്‍ സ്ത്രീ സമൂഹം ശ്രമിക്കണം.  തുല്യ സ്വത്തും തുല്യമായ പങ്കാളിത്തവും അവര്‍ക്ക് ലഭിക്കണം. തന്റെ അഭിപ്രായത്തില്‍ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ കുടുംബശ്രീ വനിതകളാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കില ഫാക്കല്‍റ്റി എം.വി. കാളിദാസന്‍ മോഡറേറ്ററായി. സാമൂഹ്യ നീതി വകുപ്പ് പ്രോഗ്രാം ഓഫീസര്‍ മായാ ലക്ഷ്മി, സാമൂഹിക നീതി വകുപ്പ് മേഖലാ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രീതി വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.