എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി. ഭൂരഹിത ഭവന പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 55ൽ നിന്നും 70 ആക്കി. വരുമാന പരിധി 1,00,000 രൂപയായും ഉയർത്തി.
എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമിയുള്ള രാജ്യത്തെ ആദ്യ ജില്ലയാണ് തിരുവനന്തപുരം. പട്ടികവർഗക്കാർക്ക് ഭൂമി നൽകാനായി ലാൻഡ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം എന്നിവ നടപ്പാക്കുന്നു. 2016 മുതൽ ഇതുവരെ 8919 പട്ടികവർഗ കുടുംബങ്ങൾക്ക് 8573.54 ഏക്കർ ഭൂമി വിതരണം ചെയ്തു.ലൈഫ് പദ്ധതിയിൽ 1,14,610 പട്ടികജാതി ഗുണഭോക്താക്കൾക്കായി 1561.3 കോടി രൂപ അനുവദിച്ചു. 43,629 പട്ടികവർഗ ഗുണഭോക്താക്കൾക്കായി 802 കോടി രൂപയും നൽകി.
2021ൽ സർക്കാർ പൂർത്തിയാകാത്ത വീടുകളുടെ പൂർത്തീകരണ പുനരുദ്ധാരണത്തിന് സേഫ് പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിലൂടെ 2 ലക്ഷം രൂപ വീതം 20,829 കുടുംബങ്ങൾക്ക് ധനസഹായം നൽകി. 2025-26 വർഷത്തിൽ ഈ പദ്ധതിയിൽ 10000 കുടുംബങ്ങൾക്കും ധനസഹായം അനുവദിക്കും. പട്ടികവർഗത്തിൽ നാല് വർഷം കൊണ്ട് 8401 കുടുംബങ്ങൾക്ക് 2.5 ലക്ഷം രൂപ വീതം നൽകി.
2016 മുതൽ 2025 വരെ 1062 ഉന്നതികളിൽ അംബേദ്കർ ഗ്രാമവികസന പദ്ധതികൾ ഏറ്റെടുത്തു. ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ ഒൻപത് വർഷങ്ങളിലായി 1037.89 കോടി രൂപ കോർപ്പസ് ഫണ്ട് ഇനത്തിലും നൽകി.പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക ജനവിഭാഗങ്ങൾ എന്നിവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന നടപടികളാണ് സർക്കാർ സജീവമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
കരുത്തോടെ കേരളം- 19