ഉത്തരമലബാറിന് പൊതുവിലും ജില്ലയ്ക്ക് പ്രത്യേകിച്ചും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം തുറന്നിടുന്ന വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അടിസ്ഥാന വികസനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശരിയായ രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ഇ.പി ജയരാജന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച കണ്ണൂര്‍ വിമാനത്താവളം- വികസന സാധ്യതയുടെ ആകാശം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ് കണ്ണൂരില്‍ ഉദ്ഘാടനത്തിന് സജ്ജമായി നില്‍ക്കുന്നത്. ആഭ്യന്തര-വിദേശ യാത്രക്കാരുള്‍പ്പെടെ 40 ലക്ഷം യാത്രക്കാരെയാണ് ഒരു വര്‍ഷം മട്ടന്നൂര്‍ വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നത്. വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ വിനോദസഞ്ചാരം, കാര്‍ഷികം, കൈത്തറി, ആയുര്‍വേദം, ഐ.ടി, വ്യവസായം തുടങ്ങിയ മേഖലകളില്‍ വലിയ കുതിച്ചുചാട്ടത്തിന് അത് വഴിയൊരുക്കും. വിദേശ വിനോദസഞ്ചാരികളെയടക്കം ആകര്‍ഷിക്കുന്ന രീതിയില്‍ നമ്മുടെ ടൂറിസം മേഖല വികസിക്കേണ്ടതുണ്ട്. ടൂറിസം വികസനത്തിന് അനുകൂലമായ ഭൂമിശാസ്ത്രപരവും ചരിത്രപരവും പൈതൃകപരവുമായ സവിശേഷതകള്‍ ജില്ലയ്ക്കുണ്ടെന്നും അത്തരം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത രീതിയില്‍ ഉല്ലാസ ബോട്ട് യാത്ര ഉള്‍പ്പെടെയുള്ളവ ജില്ലയില്‍ നടപ്പിലാക്കാനാവും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്നും ഒരു വികസന പദ്ധതി യാഥാര്‍ഥ്യമാവാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സ്ഥലമേറ്റെടുപ്പ് വേളയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് യോഗ്യതയ്ക്കനുസരിച്ച ജോലി വിമാനത്താവളത്തില്‍ നല്‍കുമെന്നും അതിനു ശേഷം സ്ഥലം വിട്ടുനല്‍കിയവരെ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു. വിമാനത്താവളം വരുന്നതോടെ കയറ്റിറക്ക് വ്യവസായം ശക്തിപ്പെടുമെന്നും അതിനാവശ്യമായ ആധുനിക സ്റ്റോറേജ് സംവിധാനം ആവശ്യമാണെന്നും ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.ടി അബ്ദുല്‍ മജീദ് പറഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതി സാധ്യമാവണമെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഗുണനിലവാര പരിശോധനാ കേന്ദ്രം വരേണ്ടതുണ്ട്. കൈത്തറി മേഖലയെ പ്രഫഷനല്‍വല്‍ക്കരിക്കാനും അന്താരാഷ്ട്ര കമ്പോളത്തില്‍ അതിനെ മാര്‍ക്കറ്റ് ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിമാനത്താവളം വരുന്നതിന് അനുസരിച്ച് മട്ടന്നൂര്‍ പട്ടണവും അനുബന്ധ റോഡുകളും വികസിക്കേണ്ടതുണ്ടെന്ന് മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത വേണു പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ വേണം. കണ്ണൂര്‍-മട്ടന്നൂര്‍ മെട്രോയ്ക്കുള്ള സാധ്യത പരിശോധിക്കപ്പെടേണ്ടതാണെന്നും അവര്‍ പറഞ്ഞു. കൈത്തറി മേഖല ഉള്‍പ്പെടെയുള്ള അടിസ്ഥാന മേഖലകളുടെ വികസനത്തില്‍ സുപ്രധാന ചുവടുവയ്പ്പാണ് വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ ഉണ്ടാവാന്‍ പോവുന്നതെന്ന് സംസ്ഥാന കൈത്തറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ പറഞ്ഞു.
കണ്ണൂരില്‍ സൈബര്‍പാര്‍ക്ക് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിക്കണമെന്ന് ദിശ ചെയര്‍മാന്‍ സി ജയചന്ദ്രന്‍ പറഞ്ഞു. കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള കണ്ണൂരിന്റെ തനിമകള്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതിന് കണ്ണൂര്‍ കേന്ദ്രമായി എക്‌സിബിഷന്‍ സെന്റര്‍ വരണം. തുടക്കത്തില്‍ തന്നെ ലോകത്തിലെ മികച്ച വിമാനക്കമ്പനികളുടെ സര്‍വീസ് ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ യു.എ.ഇ ഭരണകൂടവും ഇന്ത്യന്‍ സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, കെ.കെ.ആര്‍ വെങ്ങര, കെ ജയരാജന്‍, എ.വി അജയകുമാര്‍, ഒ ജയരാജന്‍, സി.പി ബീന, മഹേഷ് ചന്ദ്ര ബാലിക, കെ.വി ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണൂരിന്റെ രുചിയും സംസ്‌കാരവും തനിമയോടെ വിപണനം ചെയ്യാനുള്ള സാധ്യത ഉപയോഗപ്പെടുത്തണമെന്നും റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും വിമാനത്താവളം സൃഷ്ടിക്കുന്ന തൊഴില്‍ സാധ്യതകള്‍ മുന്നില്‍ക്കണ്ട് വിവിധ മേഖലകളിലുള്ളവര്‍ക്ക് പരിശീലനം നല്‍കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വിദേശ വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് നാട്ടുകാര്‍, ടാക്‌സി തൊഴിലാളികള്‍, ഹോട്ടല്‍-റസ്റ്ററന്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കണം. വിമാനത്താവളവുമായി ബന്ധപ്പെട്ടുണ്ടാവുന്ന തൊഴില്‍ സാധ്യതകള്‍ പരിഗണിച്ചുകൊണ്ടുള്ള കോഴ്‌സുകള്‍ക്ക് സര്‍വകലാശാല രൂപം നല്‍കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. സെമിനാറില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്‍ നന്ദിയും പറഞ്ഞു