തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് സ്‌റ്റേഷനിൽ ഹാജരായി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത 80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ് പോസ്റ്റിവായും ക്വാറന്റൈനിലും കഴിയുന്നവർ, വികലാംഗർ എന്നിവർക്കായുള്ള പോസ്റ്റൽ വോട്ടിങ് ജില്ലയിൽ പുരോഗമിക്കുന്നു. ഇതിനായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ നിയോഗിച്ചിട്ടുള്ള പ്രത്യേക പോളിങ് ടീം ബാലറ്റ് പേപ്പർ സമ്മതിദായകരുടെ വീട്ടിലെത്തിച്ച് വോട്ട് രേഖപ്പെടുത്തി തിരികെ വാങ്ങും. പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചവരിൽ അർഹരായ സമ്മതിദായകർക്കാണു തപാൽ വോട്ടിനുള്ള അവസരമുള്ളത്.
പോളിങ് ഉദ്യോഗസ്ഥർ സന്ദർശിക്കുന്ന ദിവസവും സമയവും അപേക്ഷകനെ എസ്.എം.എസ്. ആയോ തപാലിലോ ബൂത്ത് ലെവൽ ഓഫിസർമാർ വഴിയോ സമ്മതിദായകരെ വരണാധികാരികൾ മുൻകൂട്ടി അറിയിക്കും. ഈ സമയത്ത് സമ്മതിദാനം വിനിയോഗിക്കുന്നതിന് തയാറായിരിക്കണെന്നും നടപടികളോടു പൂർണമായി സഹകരിക്കണമെന്നും ജില്ലാ ഇലക്ഷൻ ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അഭ്യർഥിച്ചു.
മൈക്രോ ഒബ്‌സർവർ, രണ്ടു പോളിങ് ഓഫിസർമാർ, പൊലീസ് ഉദ്യോഗസ്ഥൻ, വിഡിയോഗ്രാഫർ, ഡ്രൈവർ എന്നിവരടങ്ങുന്ന സംഘമാണു പോസ്റ്റൽ വോട്ടിങ്ങിനായി വീടുകൾ സന്ദർശിക്കുന്നത്. കോവിഡ് പോസിറ്റിവായും ക്വാറന്റൈനിൽ കഴിയുന്നവരെയും സന്ദർശിക്കുന്നതിനു പ്രത്യേക പോളിങ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. സ്ഥാനാർഥിക്കോ സ്ഥാനാർഥിയുടെ ബൂത്ത് ലെവൽ ഏജന്റ് ഉൾപ്പെടെയുള്ള അംഗീകൃത പ്രതിനിധികൾക്കോ വീടിനു പുറത്തുനിന്ന് പോസ്റ്റൽ വോട്ടിങ് പ്രക്രിയ നിരീക്ഷിക്കാം.
പ്രത്യേക പോളിങ് ടീം സമ്മതിദായകന്റെ വീട് സന്ദർശിച്ച് തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണു നടപടിക്രമങ്ങൾ ആരംഭിക്കുക. തപാൽ വോട്ട് രേഖപ്പെടുത്തുന്ന രീതി തുടക്കത്തിൽ സമ്മതിദായകനോടു വിശദീകരിക്കും. ഇതിനു ശേഷം ബാലറ്റ് പേപ്പറുകളും കവറുകളും പേന, ഗം തുടങ്ങിയവയും കൈമാറും.
വോട്ടർ രഹസ്യ സ്വഭാവം പാലിച്ച് വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പർ കവറിനുള്ളിലാക്കി ഒട്ടിച്ച് അപ്പോൾത്തന്നെ പോളിങ് ടീമിനെ തിരികെ ഏൽപ്പിക്കണം. ഈ പ്രക്രിയ വിഡിയോയിൽ ചിത്രീകരിക്കും. പോസ്റ്റൽ വോട്ടിങ് കംപാർട്ട്‌മെന്റിൽവച്ച് ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തുന്നത് ഒരു കാരണവശാലും വിഡിയോയിൽ ചിത്രീകരിക്കില്ല.
വോട്ടറിൽനിന്നു കൈപ്പറ്റിയ ബാലറ്റ് പേപ്പറുകൾ അടങ്ങുന്ന ഒട്ടിച്ച കവർ പോളങ് ടീം ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്കു കൈമാറുകയും റിട്ടേണിങ് ഓഫിസറുടെ ഓഫിസിൽ ഇതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഓരോ ദിവസവും വോട്ട് രേഖപ്പെടുത്തി ലഭിക്കുന്ന കവറുകളുടെ എണ്ണം അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ ജില്ലാ കളക്ടറെ അറിയിക്കുകയും കളക്ടർ ഇത് ഇലക്ഷൻ കമ്മിഷനു കൈമാറുകയും ചെയ്യും.