ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം പൊതുജനങ്ങള്‍ക്ക് അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇതുവരെ ജില്ലയില്‍ 10603 പരാതികള്‍ ലഭിച്ചു.
അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍, പോസ്റ്ററുകള്‍, ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികളും ലഭിച്ചത്. 10328 പരാതികള്‍ ഇതിനകം തീര്‍പ്പാക്കി.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി വിജില്‍ ആപ്പ് വഴി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ ഉടന്‍ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറും. ഫ്ളൈയിംഗ് സ്‌ക്വാഡ്, ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവര്‍ പരാതികളെക്കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിക്കും. സി – വിജില്‍ ആപ്പ് ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. വോട്ടിനായി പണം നല്‍കല്‍, പ്രേരിപ്പിക്കല്‍, ഭീഷണി, അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കല്‍, മറ്റ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് സി-വിജില്‍ മുഖേന പരാതി നല്‍കാം. ഇതുമായി ബന്ധപ്പെട്ട ചിത്രമോ വീഡിയോ ദൃശ്യമോ ആണ് അയക്കേണ്ടതാണ്.