ആലപ്പുഴ: ഈസ്റ്റർ, പള്ളിപ്പെരുന്നാൾ, ഉത്സവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതല്‍ ശക്തമാക്കാനും കൊവിഡ് വാക്സിനേഷൻ എടുക്കുന്നതിന് പി എച്ച് സി കളിൽ അധിക സൗകര്യം ഏർപ്പെടുത്താനും ജില്ലാകലക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ കളക്ട്രേറ്റില്‍ കൂടിയ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കടക്കരപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലും ചെട്ടിക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും വാക്സിനേഷന് കൂടുതൽ സൗകര്യങ്ങള്‍ തയ്യാറാക്കി. 60 വയസ്സിന് മുകളിൽ പ്രായമുള്ളവുരം 45 വയസ്സിനു മുകളിൽ രോഗങ്ങള്‍ ഉള്ളവരും ഇവിടുത്തെ വാക്സിനേഷന്‍ സൗകര്യം ഉപയോഗിക്കണം. ഏപ്രിൽ ഒന്നുമുതൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിനേഷനുള്ള സൗകര്യം ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളിലും പി.എച്ച്.സികളിലും വാക്സിനേഷന്‍ സൗജന്യമാണ്. ജനങ്ങൾ കൂടുതൽ വാക്സിനേഷനുകൾ സ്വീകരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കരുതാം ആലപ്പുഴയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും മാസ് മീഡിയയും ചേർന്ന് കുട്ടികൾക്കിടയിൽ കോവിഡ് പ്രതിരോധത്തിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കുട്ടികള്‍ തങ്ങളുടെ വീട്ടിൽ ഉള്ള 60 വയസ്സിന് മുകളിലുള്ള എല്ലാവരെയും വാക്സിനേഷന് വിധേയമാക്കും എന്ന പ്രതിജ്ഞയെടുക്കും. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ നടക്കുന്ന ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് നിബന്ധനകള്‍ ഉറപ്പാക്കുന്നതിനും നടപടികള്‍ നിയന്ത്രിക്കുന്നതിനും കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേട്ടുമാരെ അവിടേക്ക് നിയോഗിക്കാനും യോഗം തീരുമാനിച്ചു.